ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ പലരും ഞെട്ടിയിരിക്കുകയാണ്. ആരും അറിയാതെ ഫോണിന്റെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ സേവ് ചെയ്യപ്പെട്ടതാണിപ്പോള്‍ വിവാദമായിരിക്കുന്നത്.
ഫ്രഞ്ച് ഹാക്കറും, സെക്യൂറിറ്റി വിദഗ്ദനുമായ ഏലിയറ്റ് ആന്‍ഡേസണ്‍ ഇത് സംബന്ധിച്ച ട്വീറ്റ് രാവിലെ പോസ്റ്റ് ചെയ്തിരുന്നു. ആധാര്‍ കാര്‍ഡ് ഇല്ലാത്തവരുടേയും, അധാര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തവരുടേയും ഫോണില്‍ നിങ്ങളുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ ഉണ്ട്. ഇതിന് വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഏലിയറ്റ് ആന്‍ഡേസണിന്റെ ട്വീറ്റ്.
ഈ ട്വീറ്റിന് ശേഷം ഒരുപാട് ആളുകള്‍ ഫോണ്‍ പരിശോധിക്കുകയും തങ്ങളറിയാതെ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ സേവ് ചെയ്യപ്പെട്ടിരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു.
വ്യക്തിവിവരങ്ങളിലേക്ക് സര്‍ക്കാര്‍ കടന്ന് കയറ്റം നടത്തുന്നതായും, ഇത് സ്വകാര്യത എന്ന അവകാശത്തെ ഹനിക്കലാണെന്നും ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പല ട്വീറ്റുകളും.
ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ തന്റെ ആധാര്‍ നമ്പര്‍ പരാസ്യപ്പെടുത്തി വെട്ടിലായതിന് പിന്നാലെയാണ് പുതിയ വിവാദം. ആര്‍.എസ്. ശര്‍മ്മയെക്കുറിച്ചുള്ള വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടതിന് പിന്നാലെ നമ്പര്‍ ആരുമായും പങ്ക് വെയ്ക്കരുതെന്ന് യു.ഐ.ഡി.എ.ഐ പറഞ്ഞിരുന്നു.
മറ്റുള്ളവരുടെ ആധാര്‍ ഉപയോഗിക്കുന്നതും, അത് പരസ്യപ്പെടുത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു യു.ഐ.ഡി.എ.ഐ പ്രസ്താവന ഇറക്കിയത്.