| Saturday, 3rd August 2024, 8:23 pm

ഫാക്ട് ചെക്ക്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനെതിരെ മൂന്ന് മത്സരങ്ങള്‍ കളിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൂന്ന് മത്സരങ്ങള്‍ വരെ കളിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണെന്നും ഇക്കാരണത്താല്‍ തന്നെ ഇരുവരും ഫൈനല്‍ അടക്കം മൂന്ന് മത്സരങ്ങള്‍ വരെ കളിക്കാന്‍ സാധ്യതകളുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

എന്നാല്‍ ഇത് ശരിയല്ല. രണ്ട് മത്സരങ്ങളില്‍ മാത്രമേ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാന്‍ സാധ്യയുള്ളൂ. ഗ്രൂപ്പ് ഘട്ടത്തിലും ഫൈനലിലും.

എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫി 2025ന്റെ ഭാഗമാകുന്നത്. ടൂര്‍ണമെന്റിന്റെ ആതിഥേയരും 2023 ലോകകപ്പ് പോയിന്റ് ടേബിളിലെ ആദ്യ ഏഴ് സ്ഥാനക്കാരുമാണ് 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയത്.

രണ്ട് ഗ്രൂപ്പുകളിലായാണ് എട്ട് ടീമുകള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.

ഗ്രൂപ്പ് എ: ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ (ആതിഥേയര്‍).

ഗ്രൂപ്പ് ബി: അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക.

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലായതിനാല്‍ തന്നെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടുമെന്നുറപ്പാണ്. ഗ്രൂപ്പ് എ-യിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം നേടിയാല്‍ മാത്രമേ ഇന്ത്യക്കും പാകിസ്ഥാനും മുമ്പോട്ട് കുതിക്കാന്‍ സാധിക്കൂ.

എന്നാല്‍ സെമിയില്‍ ഇന്ത്യക്കും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാന്‍ സാധിക്കില്ല. കാരണം അടുത്ത ഗ്രൂപ്പിലെ ടീമിനെതിരെയാണ് ഇവര്‍ക്ക് സെമി ഫൈനല്‍ മത്സരം കളിക്കാനുണ്ടാവുക. ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയും പാകിസ്ഥാനും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടി മുമ്പോട്ട് കുതിച്ചാല്‍ ഗ്രൂപ്പ് ബി-യില്‍ നിന്നുമാണ് ഇരുവര്‍ക്കും എതിരാളികളുണ്ടാവുക എന്ന സാരം.

ഇനി ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ സെമി ഫൈനല്‍ വിജയിക്കുകയാണെങ്കില്‍ ഇരുവരും ഫൈനലില്‍ ഏറ്റുമുട്ടും, അതായത് ടൂര്‍ണമെന്റില്‍ ഇരുവരും കളിക്കുന്ന രണ്ടാമത്തെ മാത്രം മത്സരമായിരിക്കുമിത്.

ചാമ്പ്യന്‍സ് ട്രോഫി 2025

ഒന്നാം സെമി ഫൈനല്‍:

ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാര്‍ (A1) vs ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാര്‍ (B2)

രണ്ടാം സെമി ഫൈനല്‍:

ഗ്രൂപ്പ് ബി-യിലെ ഒന്നാം സ്ഥാനക്കാര്‍ (B1) vs ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാര്‍ (A2)

ഫൈനല്‍:

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂന്ന് തവണ ഏറ്റുമുട്ടില്ലെങ്കിലും അടുത്ത വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പില്‍ മൂന്ന് തവണ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനുള്ള സാധ്യതകളുണ്ട്.

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍ തന്നെ വരികയാണെങ്കിലാണ് ഇതിനുള്ള സാധ്യതകളുള്ളത്.

മൂന്ന് ടീമുകളാണ് ഒരു ഗ്രൂപ്പില്‍ ഉണ്ടാവുക. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളാണ് ഓരോ ടീമിനും കളിക്കാനുണ്ടാവുക. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിന് യോഗ്യത നേടും.

ഒരേ ഗ്രൂപ്പിലുള്ള ടീമുകള്‍ക്ക് പരസ്പരം സൂപ്പര്‍ ഫോറിലും ഏറ്റുമുട്ടേണ്ടി വരും. സൂപ്പര്‍ ഫോറില്‍ മൂന്ന് മത്സരങ്ങളാണ് ഓരോ ടീമും കളിക്കേണ്ടത്. സൂപ്പര്‍ ഫോറില്‍ ഏറ്റവുമധികം പോയിന്റ് ലഭിക്കുന്ന ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടും. അതായത് ആദ്യ ഘട്ടത്തില്‍ ഒരേ ഗ്രൂപ്പിലുള്ള ടീമുകള്‍ക്ക് മൂന്ന് മത്സരങ്ങളില്‍ മുഖാമുഖം വരാനുള്ള സാധ്യതകള്‍ ഏഷ്യാ കപ്പിലുണ്ട്.

അതേസമയം, അടുത്ത വര്‍ഷം പാകിസ്ഥാന്‍ ആതിഥേയരാകുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തില്ല എന്ന് ബി.സി.സി.ഐ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ നടത്തണമെന്നാണ് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ സമാന നിലപാടാണ് സ്വീകരിച്ചത്.

പാകിസ്ഥാനിലെത്തി കളിക്കില്ല എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.

സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിനോടും ബി.സി.സി.ഐ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.

ഷാഹിദ് അഫ്രിദിയടക്കമുള്ള മുന്‍ പാക് താരങ്ങള്‍ ഇന്ത്യ പാകിസ്ഥാനിലെത്തി മത്സരം കളിക്കണെന്ന് ആവശ്യപ്പെട്ടിരുന്നു.

2025 അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി 19മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് കൈമാറിയിരുന്നു. ഇതനുസരിച്ച് മാര്‍ച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

രാഷ്ട്രീയ-നയതന്ത്ര കാരണങ്ങളാല്‍ 2008ന് ശേഷം ഇന്ത്യ പാക്കിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല.

Content Highlight: Check out the fact that India vs Pakistan match could be played three times in 2025 Champions Trophy

We use cookies to give you the best possible experience. Learn more