കട്ടപ്പന: നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത സാബുവിനെ അധിക്ഷേപിച്ച് മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം. മണി.
സാബുവിന് ഏതെങ്കിലും രീതിയിലുള്ള മാനസിക പ്രശ്‌നമുണ്ടായിരുന്നോയെന്നും ചികിത്സ തേടിയിരുന്നോയെന്നും അന്വേഷിക്കണമെന്നാണ് എം.എം. മണി പറഞ്ഞത്. കട്ടപ്പനയിലെ സി.പി.ഐ.എം വിശദീകരണ യോഗത്തിലാണ് എം.എല്‍.എയുടെ പരാമര്‍ശം.
ആ മനുഷ്യന്‍ മരിച്ചതില്‍ ദുഃഖമുണ്ടെന്നും എന്നാല്‍ സാബുവിന്റെ മരണത്തില്‍ സി.പി.ഐ.എമ്മിനോ പാര്‍ട്ടി ബോര്‍ഡിനോ പ്രസിഡന്റ് വി.ആര്‍. സജിക്കോ ബന്ധമില്ലെന്നും എം.എം. മണി പറഞ്ഞു.
വഴിയേ പോകുന്ന വയ്യാവേലി തങ്ങളുടെ തലയില്‍ കെട്ടിവെക്കരുതെന്നും എം.എല്‍.എ സംസാരിച്ചു. ആരും സാബു മരണപ്പെട്ടതിന്റെ പാപഭാരം സി.പി.ഐ.എമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ടെന്നും അങ്ങനെയൊന്നും വീഴുന്ന പ്രസ്ഥാനമല്ല കമ്മ്യൂണിസ്റ്റെന്നും എം.എം. മണി പറഞ്ഞു.
വരുന്ന ഏത് സാഹചര്യത്തെയും നേരിടാന്‍, മാനമിടിഞ്ഞ് വന്നാല്‍ പോലും തടഞ്ഞ് നിര്‍ത്താന്‍ പറ്റുമോ എന്ന മനോഭാവമാണ് സി.പി.ഐ.എമ്മിന് ഉള്ളതെന്നും എം.എം. മണി കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 21ന് കട്ടപ്പനയിലെ റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് നിക്ഷേപകന്‍ ജീവനൊടുക്കിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവര്‍ സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സാബുവില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണമാണ്, അത് തിരികെ നല്‍കിയില്ലെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. ബാങ്കിലെ ജീവനക്കാരന്‍ അപമാനിക്കുകയും അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തതായും കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബാങ്ക് സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ചായിരുന്നു സാബുവിന്റെ ആത്മഹത്യ കുറിപ്പ്. ഡിസംബര്‍ 20ന് നിക്ഷേപ തുക ആവശ്യപ്പെട്ട് സാബു ബാങ്കില്‍ എത്തിയിരുന്നു.
മുമ്പ് നിക്ഷേപ തുക തിരിച്ചാവശ്യപ്പെട്ട സാബുവുമായി, പ്രതിസന്ധിയിലാണെന്ന് കാണിച്ച് ബാങ്ക് ഒരു ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതിമാസം ഒരു നിശ്ചിത തുക കൈമാറാമെന്നായിരുന്നു ഇരുകൂട്ടരും ചേര്‍ന്ന് തീരുമാനിച്ചിരുന്നത്.
തുടര്‍ന്ന് ഈ മാസത്തെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകാതെ ഇരിക്കുകയും ഇതന്വേഷിച്ച് ബാങ്കിലെത്തിയ സാബു സ്ഥാപനത്തിലെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലാകുകയായിരുന്നു. പങ്കാളിയുടെ ചികിത്സാ ആവശ്യത്തിനായാണ് സാബു നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചത്.
പിന്നാലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സാബുവിനെ മുന്‍ ബാങ്ക് പ്രസിഡന്റ് വി.ആര്‍. സജി ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍ സന്ദേശം പുറത്ത് വന്നിരുന്നു.
അടി വാങ്ങേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നുമാണ് വി.ആര്‍. സജി സാബുവിനോട് സന്ദേശത്തില്‍ പറയുന്നത്.
ബാങ്ക് സെക്രട്ടറിയെ സാബുവാണ് മര്‍ദിച്ചതെന്നും ഈ മാസത്തെ തുക നല്‍കിയെന്നും സജി പറയുന്നുണ്ട്.കട്ടപ്പന സി.പി.ഐ.എം മുന്‍ ഏരിയ സെക്രട്ടറി കൂടിയായിരുന്നു സജി.
Content Highlight: Check for mental disorder; MM Mani insulted the investor in Kattappana