ന്യൂദല്‍ഹി: കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിച്ചവര്‍ക്ക് സന്തോഷവാര്‍ത്ത. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് കഞ്ചാവിന്റെ സാധ്യതകളെ പറ്റി അന്വേഷിച്ചിരിക്കുന്നത്.
കഞ്ചാവിന്റെ ഗുണഫലങ്ങള്‍ പരിശോധിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരുമാസത്തിനകം ഇതിന്റെ മറുപടി അറിയിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു.
“ദി ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ്” എന്ന പേരിലാണ് ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. ഔഷധഫലങ്ങള്‍ പരിഗണിച്ച് കഞ്ചാവിനെ നിയമവിധേയമാക്കണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെട്ടത്. “ദി ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റി”ന്റെ സ്ഥാപകന്‍ വിക്കി വറോറ ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു.
ഈ പരാതിയിയ്ക്കുള്ള മറുപടിയാണ് ആരോഗ്യമന്ത്രാലയത്തിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്. ഒരുമാസത്തിനകം മറുപടി നല്‍കാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം കാണിച്ചുകൊണ്ടുള്ള മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.