| Tuesday, 17th September 2019, 1:40 pm

'ചതിയന്‍മാര്‍'; ബി.എസ്.പി എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ ബി.എസ്.പിയുടെ ആറ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. ചതിയന്‍മാര്‍ എന്നായിരുന്നു എം.എല്‍.എമാരെയും കോണ്‍ഗ്രസിനേയും മായാവതി വിശേഷിപ്പിച്ചത്.

”കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ബി.ആര്‍ അംബേദ്കറിനും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനും എതിരാണ്. അതിനാലാണ് അംബേദ്കറിന് രാജ്യത്തെ ആദ്യത്തെ നിയമമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. കോണ്‍ഗ്രസ് അദ്ദേഹത്തിന് ഒരിക്കലും ഒരു ഭാരതരത്‌ന ബഹുമതി നല്‍കിയില്ല, അത് ദു:ഖകരവും ലജ്ജാകരവുമാണ്,” മായാവതി ട്വീറ്റ് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടി, ബി.എസ്.പി എം.എല്‍.എമാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചുകൊണ്ട് വിശ്വാസവഞ്ചനയും ചതിയും ഒരിക്കല്‍ കൂടി നടത്തിയിരിക്കുകയാണെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് അവരുടെ കടുത്ത എതിരാളികളോട് പോരാടുന്നതിനുപകരം, അവരെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളെ എല്ലായ്‌പ്പോഴും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്നും മായാവതി ട്വീറ്റ് ചെയ്തു.

ബി.എസ്.പിയുടെ രാജേന്ദ്ര ഗുഡ, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീന, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖേരിയ എന്നിവരായിരുന്നു പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്

മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ നീക്കങ്ങളാണ് ഇവരെ കോണ്‍ഗ്രസിലേക്ക് എത്തിച്ചത്. നിയമസഭ സ്പീക്കര്‍ സി.പി ജോഷിയെ കണ്ട് തങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുകയാണ് എന്ന് കാണിച്ച് എം.എല്‍.എമാര്‍ കത്ത് നല്‍കുകായയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വര്‍ഗീയത ശക്തികള്‍ക്കെതിരെ പോരാടുന്നതിനും സംസ്ഥാനത്തെ വികസനത്തിന് വേണ്ടിയും സര്‍ക്കാരിന്റെ സ്ഥിരതക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് എം.എല്‍.എമാര്‍ പ്രതികരിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 100 സീറ്റുകളാണ് ലഭിച്ചത്. ബി.എസ്.പി എം.എല്‍.എമാരുടെ പിന്തുണയും 13 സ്വതന്ത്ര എം.എല്‍.എമാരില്‍ 12 എം.എല്‍.എമാരുടേയും പിന്തുണ കോണ്‍ഗ്രസിനായിരുന്നു. 12 സ്വതന്ത്ര എം.എല്‍.എമാരും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ബി.എസ്.പി എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

We use cookies to give you the best possible experience. Learn more