നല്ലൂര്‍ കള്ളിത്തൊട്ടി കുറുമണ്ണില്‍ മുത്തഞ്ചലത്ത് വീട്ടില്‍ മുസ്തഫയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. 32 ലക്ഷം രൂപയും ഏഴരസെന്റ് സ്ഥലത്തിന്റെ ആധാരവും ഇടപാടില്‍ നഷ്ടമായെന്നാണ് മുസ്തഫ ആത്മഹത്യക്കുറുപ്പില്‍ പറഞ്ഞിരിക്കുന്നത്.
“ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍” എന്ന സ്ഥാപനം വഴിയാണ് പണമിടപാടുകള്‍ നടത്തിയിരുന്നത്. സ്ഥാപനത്തിന്റെ ഉടമ കൊണ്ടോട്ടി തുറയ്ക്കല്‍ സ്വദേശി മുഹമ്മദ് ജലാലുദ്ധീനെതിരെയാണ് പരാതിയുയര്‍ന്നിരിക്കുന്നത്. ഫറോക്ക് റയില്‍വേസ്‌റ്റേഷന് സമീപമാാണ് ഇയാള്‍ സ്ഥാപനം നടത്തിയിരുന്നത്.
ജലാലുദ്ധീന്‍ പണവും സ്വര്‍ണവും മറ്റ് രേഖകളും കൈക്കലാക്കി മുങ്ങിയെന്നാണ് പരാതി. മാസങ്ങളായി സ്ഥാപനം പൂട്ടിക്കിടക്കുകയാണ്. മുസ്തഫയുടെ ആത്മഹത്യക്കുറിപ്പ് പുറത്തായതോടെയാണ് ജലാലുദ്ധീന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തറിയുന്നത്.
മുസ്തഫയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുസ്തഫയുടെ ആത്മഹത്യവിവരം അറിഞ്ഞതോടെ കൂടുതല്‍ പേര്‍ പരാതിയുമായി പോലീസ്‌റ്റേഷനില്‍ എത്തുന്നുണ്ട്. സ്ത്രീകളാണ് പരാതിക്കാരില്‍ കൂടുതലും. നാല്‍പ്പതും അമ്പതും പവന്‍ സ്വര്‍ണം, ലക്ഷക്കണക്കിന് രൂപ, സ്വന്തം വിട് പോലും നഷ്ടപ്പെട്ടവരും പരാതിക്കാരുടെ കൂട്ടത്തിലുണ്ട്.
ഇസ്‌ലാമിക് മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന പേരിലായിരുന്നു നാല് വര്‍ഷം മുമ്പ് ജലാലുദ്ധീന്‍ ബാങ്ക് ആരംഭിച്ചിരുന്നത്. ബാങ്കില്‍ എത്തുന്നവര്‍ക്ക് ആത്മീയ ഉപദേശങ്ങളും സ്ഥാപനം നല്‍കിയിരുന്നു.
പ്രസിദ്ധീകരണങ്ങളില്‍ പരസ്യം നല്‍കിയായിരുന്നു സ്ഥാപനത്തിന്റെ പ്രചാരണം. പലിശയില്ലാതെ സ്വര്‍ണം പണയം വയ്ക്കുമ്പോള്‍ 10000 രൂപവരെയായിരുന്ന നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ കോടികളുടെ സ്വത്താണ് പലരും ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. ബാങ്കില്‍ ആള്‍ക്കാര്‍ പണയം വച്ച സ്വര്‍ണം ജലാലുദ്ധീന്‍ സ്വകാര്യ ബാങ്കുകളില്‍ പണയം വച്ച് വന്‍ തുക തട്ടിയതായും ആരോപണമുണ്ട്.
പലിശ കൊടുക്കേണ്ട എന്നുള്ളതും ബാങ്കില്‍ പോകാതെ പണം ലഭിക്കും എന്നുള്ളതുമാണ് കൂടുതല്‍പ്പേരെ സ്ഥാപനത്തിലേക്ക് ആകര്‍ഷിച്ചത്. ലൈസന്‍സില്ലാതെ സ്ഥാപനം നടത്തിയതിന് 2013 ല്‍ ജലാലുദ്ധീനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ തട്ടിപ്പ് വീണ്ടും തുടരുകയായിരുന്നു.