| Wednesday, 6th April 2022, 8:47 am

അച്ഛന്റെ ഫോട്ടോ വലിച്ചെറിഞ്ഞു, ചെരിപ്പിട്ട് മുകളിലൂടെ നടന്നു; നാണംകെടുത്തിയാണ് ബംഗ്ലാവില്‍ നിന്ന് ഒഴിപ്പിച്ചതെന്ന് ചിരാഗ് പസ്വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:കേന്ദ്രമന്ത്രിയായിരുന്ന തന്റെ പിതാവ് രാംവിലാസ് പാസ്വാന് അനുവദിച്ച സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്ന് തന്റെ കുടുംബത്തെ പുറത്താക്കിയ സംഭവം നാണക്കേടുണ്ടാക്കിയെന്ന് എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാന്‍. തന്നെ നാണംകെടുത്തിയാണ് ബംഗ്ലാവില്‍ നിന്ന് ഒഴിപ്പിച്ചതെന്നും ചതിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രാം വിലാസ് പാസ്വാന്റെ മരണശേഷം തന്റെ ജന്‍പഥ് ബംഗ്ലാവ് ഒഴിയാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളത് ശാശ്വതമാകില്ല, അത് അവകാശപ്പെടാന്‍ ഞങ്ങള്‍ ഒരിക്കലും വിചാരിക്കില്ല. ഇത്രയും വര്‍ഷം ഇവിടെ തുടരാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. എന്റെ അച്ഛന്‍ ഇവിടെ ഒരു നീണ്ട ഇന്നിംഗ്‌സ് കളിച്ചു. പ്രായോഗികമായി ഈ വീട് സാമൂഹിക നീതിയുടെ ജന്മസ്ഥലമായിരുന്നു,’ ചിരാഗ് പാസ്വാന്‍ പറഞ്ഞു.

വീട് നഷ്ടപ്പെട്ടതിലല്ല തനിക്ക് വിഷമമെന്നും ഒഴിപ്പിച്ച രീതിയെ ആണ് താന്‍ എതിര്‍ക്കുന്നതെന്നും ചിരാഗ് പറഞ്ഞു.

ബംഗ്ലാവില്‍ നിന്ന് ഇറങ്ങി റോഡരികില്‍ സാധനങ്ങളുടെ വലിയ കൂമ്പാരങ്ങളുമായി നില്‍ക്കുന്ന പസ്വാന്റെ കുടുംബത്തിന്റെ ചിത്രം പ്രചരിച്ചിരുന്നു.

വീട് ഒഴിപ്പിക്കുന്നതിനിടെ തന്റെ അച്ഛന്റെ ചിത്രം വലിച്ചെറിഞ്ഞെന്നും ഫോട്ടോയുടെ മുകളിലൂടെ ചെരിപ്പിട്ട് നടന്നെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: “Cheated, Humiliated”: Chirag Paswan On Eviction From Delhi Bungalow

We use cookies to give you the best possible experience. Learn more