അണയാത്ത വിപ്ലവ വീര്യം ജ്വലിക്കുന്ന കണ്ണുകള്‍, ചുണ്ടിലെ നിഗൂഢമായ പുഞ്ചിരി, എരിയുന്ന ചുരുട്ടും തലയിലെ ചുവപ്പ് നക്ഷത്രം തുന്നിച്ചേര്‍ത്ത തൊപ്പിയും പട്ടാളകുപ്പായവും. ആദ്യ കാഴ്ചയില്‍ ചിലപ്പോള്‍ ഒരു അധോലോക നായകന്റെ ഭാവം മറ്റു ചിലപ്പോള്‍ നിഷേധയുവത്വത്തിന്റെ പ്രതീകം…
സാമ്രാജ്യത്വത്തിനെതിരെയുള്ള ഐതിഹാസിക സായുധ സമരത്തിനിടയില്‍ പിടിക്കപ്പെടുകയും പിന്നീട് തടവറയില്‍ വച്ച് വെടിയേറ്റ് മരണപ്പെടുകയും ചെയ്ത വിശ്വവിഖ്യാതനായ വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേര ജ്വലിക്കുന്ന ഓര്‍മയായി മാറിയിട്ട് 52 വര്‍ഷം പൂര്‍ത്തിയാവുന്നു. എന്നാല്‍ മരണത്തിനിപ്പുറം ഇത്രകാലം കഴിഞ്ഞിട്ടും ലോകമെമ്പാടുമുള്ള പോരാളികള്‍ക്ക് ആശയും ആവേശവുമാണ് ഏണസ്റ്റോ ചെ ഗുവേര
ആരാണു ചെ? പലരും പല രീതിയിലാണു ചെയുടെ ജീവിതത്തെ വിശകലനം ചെയ്യുന്നത്. തീവ്ര വലതുപക്ഷക്കാര്‍ അദ്ദേഹത്തെ തികഞ്ഞ അക്രമിയും ദയാദാക്ഷിണ്യമില്ലാത്ത കൊലയാളിയുമായി കാണുമ്പോള്‍ ലോകമെമ്പാടുമുള്ള ഇടതുപക്ഷ സഹയാത്രികര്‍ അദ്ദേഹത്തെ അമരനായ പോരാളിയും വിപ്ലവകാരിയും തങ്ങളുടെ പോരാട്ടങ്ങളിലെ ഒരിക്കലും മരിക്കാത്ത ആവേശവും ആത്മസഖാവുമായി കണക്കാക്കുന്നു.
ചെ എന്ന വാക്കിന് സ്പാനിഷ് ഭാഷയില്‍ സുഹൃത്ത്, സഖാവ്, സഹോദരന്‍ എന്നൊക്കെയാണര്‍ത്ഥം
അര്‍ജന്റീനയിലെ റൊസാരിയോ എന്ന പട്ടണത്തിലെ ആശുപത്രികളിലൊന്നില്‍ ഡോക്ടറായി ജീവിച്ചു മരിക്കേണ്ടിയിരുന്ന ഏണസ്റ്റോ ഗുവാര സര്‍നയെന്നയാള്‍ ലോകമെമ്പാടും അറിയപ്പെടുന്ന ചെയെന്ന വിപ്ലവകാരിയായി മാറിയത് ആകസ്മികമായല്ല.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ നടത്തിയ സാഹസിക യാത്രകള്‍, അതിലൂടെ തിരിച്ചറിഞ്ഞ അടിസ്ഥാന വിഭാഗം ജനങ്ങളുടെ ജീവിതം ഇതൊക്കെ മതിയായിരുന്നു ചെ ഗുവേരയ്ക്ക് വിപ്ലവത്തിന്റെ പാത സ്വീകരിക്കാന്‍.
അനീതി കാണുമ്പോള്‍ എതിര്‍ക്കണമെന്ന തോന്നല്‍ ഒരുപക്ഷെ ഏതൊരാള്‍ക്കും ഉണ്ടായേക്കാം. പക്ഷെ അതിനായി രാജ്യാതിര്‍ത്തി പിന്നിട്ട്, സാര്‍വ ലോക തൊഴിലാളി ക്ഷേമത്തിനായി മുന്നിട്ടിറങ്ങിയ വിപ്ലവകാരി ചെ മാത്രമായിരിക്കും. അത് തന്നെയാണ് അരനൂറ്റാണ്ടിനിപ്പുറവും ചെ അതിര്‍ത്തി വരകള്‍ക്കപ്പുറം ജ്വലിച്ചു നില്‍ക്കുന്നതിന് കാരണവും.
ലോകം കണ്ട ഏറ്റവും സമ്പൂര്‍ണ്ണനായ വിപ്ലവകാരിയായി ചെയെ മാറ്റുന്നതും സമാനതകളില്ലാത്ത ഈ ജീവിതമാണ്.
അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച് ഗ്വാട്ടിമാലയില്‍ വിപ്ലവം തുടങ്ങി മെക്സിക്കോയില്‍ പോരാട്ടം നയിച്ച് ക്യൂബയില്‍ വിജയം മുഴക്കി ബൊളീവിയയില്‍ എരിഞ്ഞടങ്ങിയ രക്ത നക്ഷത്രമെന്നാണ് ചെഗുവേരയെ ഒറ്റ വാക്യത്തില്‍ നിര്‍വചിക്കുന്നത്.
പോരാട്ടങ്ങള്‍ക്ക് നടുവിലും അയാള്‍ സ്‌നേഹത്തെ കുറിച്ച് മാത്രം പറഞ്ഞു. കമ്യൂണിസം അതിരുകളില്ലാത്ത സ്‌നേഹമാണ് എന്ന് ജീവിതം കൊണ്ടെഴുതിവെച്ചു. മാര്‍ക്സിയന്‍ ദര്‍ശനങ്ങള്‍ വിശക്കുന്നവന്റെ ഭക്ഷണവും വേദനിക്കപ്പെടുന്നവന്റെ മരുന്നും നെഞ്ചില്‍ കനലെരിയുന്നവന്റെ ആയുധവുമാണെന്ന് വിളിച്ചുപറഞ്ഞു.
ഒരു ദിവസം വീഴുമെന്നറിഞ്ഞുകൊണ്ട് തന്നെ യാത്ര തുടര്ന്നു. ഒടുവില്‍ അത്തരമൊരു പോര്‍മുഖത്തില്‍ അയാള്‍ കൊല്ലപ്പെട്ടു.
ക്യൂബന്‍ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയും പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവേര 1965-ല്‍ കോംഗോയിലും തുടര്‍ന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു.
ഫെലിക്സ് റോഡ്രിഗ്സ് എന്ന ഉദ്യോഗസ്ഥനാണ് ചെ ഗുവേരയെ പിടിക്കാനുള്ള സെന്റ്രല്‍ ഇന്റലിജന്‍സ് ഏജന്‍സി സേനയുടെ തലവനായിരുന്നത്. 1967 ഒക്ടോബര്‍ 7ന്, ഒരു ഒറ്റുകാരന്‍ ബൊളീവിയന്‍ പ്രത്യേക സേനയെ ചെ ഗുവേരയുടെ ഒളിത്താവളത്തിലേക്കു നയിച്ചു. ഒക്ടോബര്‍ 8ന് ഏതാണ്ട് 1,800 ഓളം വരുന്ന പട്ടാളക്കാര്‍ ചെ ഗുവേരയുടെ ഒളിസങ്കേതം വളഞ്ഞു.
മുറിവേറ്റു, തോക്കുപയോഗിക്കാന്‍ കഴിയാതെയായ ചെ പട്ടാളക്കാരെ കണ്ട് ഉച്ചത്തില്‍ പറഞ്ഞു ഞാന്‍ ചെ ഗുവേരയാണ്, എന്നെ കൊല്ലാതെ ജീവനോടെ പിടിക്കുന്നതാണ് നിങ്ങള്‍ കൂടുതല്‍ നല്ലത്
അന്നു രാത്രിതന്നെ ചെ ഗുവേരയെ ബന്ധിച്ച് തൊട്ടടുത്ത ഗ്രാമമായ ലാ ഹിഗ്വേരയിലെ ഒരു പൊളിഞ്ഞ മണ്ണു കൊണ്ടുണ്ടാക്കിയ സ്‌കൂളിലേക്ക് എത്തിച്ചു. അടുത്ത ദിവസം, ബൊളീവിയന്‍ മേധാവികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ചെ തയ്യാറായില്ല. എന്നാല്‍ സൈനികാംഗങ്ങളോട് പതിഞ്ഞ ഭാഷയില്‍ സംസാരിച്ചു. ആ സമയത്തെല്ലാം ചെ , അക്ഷ്യോഭ്യനായിരുന്നു
മരിക്കാന്‍ പോകുയാണെന്നറിഞ്ഞിട്ടും തന്നെ പാര്‍പ്പിച്ചിരിക്കുന്ന സ്‌കൂളിന്റെ ശോച്യവാസ്ഥയെ കുറിച്ച് ആ സ്‌കൂളിലെ അധ്യാപികയോട് ചെ സംസാരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആഡംബര കാറുകളില്‍ സഞ്ചരിക്കുമ്പോള്‍ ഈ സ്‌കൂള്‍ ഇങ്ങനെ കിടക്കുന്നത് ഒരു ശരിയായ രീതി അല്ലെന്ന് ചെ പറയുകയുണ്ടായി. ഇതുകൊണ്ടാണ് ഞങ്ങള്‍ ഈ വ്യവസ്ഥിതിക്കെതിരായി യുദ്ധം ചെയ്യുന്നതെന്നും കൂടി അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 9ന്റെ പ്രഭാതത്തില്‍ ബൊളീവിയന്‍ പ്രസിഡന്റ് റെനെ ചെഗുവേരയെ വധിക്കാന്‍ ഉത്തരവിട്ടു. മാരിയോ തെരാന്‍ എന്ന പട്ടാളക്കാരനാണ് ചെ ഗുവേരയെ വധിക്കാനായി മുന്നോട്ടു വന്നത്.
കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് നിന്റെ അറിവില്ലായ്മയെക്കുറിച്ചു നീ ചിന്തിക്കുന്നുവോ എന്ന് പട്ടാളക്കാരന്‍ ചെ ഗുവേരയോട് ചോദിച്ചു. ഉറച്ച മറുപടി വന്നു ‘ഇല്ല , ഞാന്‍ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്.’
തെരാന്‍ തന്നെ വധിക്കുവാന്‍ കുടിലിലേക്ക് കടന്നപ്പോള്‍ ചെ അയാളോട് പറഞ്ഞു എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലാന്‍ പോകുന്നത്.
തെരാന്‍ ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു വീണു പിടഞ്ഞു. കരയാതിരിക്കാനായി തന്റെ കൈയ്യില്‍ ചെ കടിച്ചു പിടിച്ചു. നെഞ്ചിലുള്‍പ്പടെ ഒമ്പതുപ്രാവശ്യം തെരാന്‍ ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു.
ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്ട്രോയാണ് ചെ ഗുവേരയുടെ മരണവിവരം ലോകത്തെ അറിയിക്കുന്നത്.
സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ അനേകം ധീരന്മാരെ നമുക്കറിയാം… എന്നാല്‍ അതിരുകള്‍ നോക്കാതെ രാജ്യ വേര്‍തിരിവുകളില്ലാതെ മനുഷ്യരെല്ലാം ഒന്ന് അവന്റെ പ്രശ്‌നങ്ങളും ഒന്ന് എന്നുകണ്ട് പൊരുതി മരിച്ച ഒരാളെ ഉളളൂ ….വിപ്ലവകാരികളുടെ വിപ്ലവകാരിയായ ഡോക്ടര്‍ ഏര്‍ണസ്റ്റോ റാഫേല്‍ ഗുവേര ഡി ലാര്‍സേന എന്ന ഏണസ്റ്റോ ചെ ഗുവേര.