ന്യൂദല്‍ഹി: രാകേഷ് അസ്താന കേസില്‍ അജിത് ഡോവലിന്റേയും കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കളുടേയും ഇടപെടലുകള്‍ വിശദീകരിച്ച് സി.ബി.ഐ ഡി.ഐ.ജി എം.കെ സന്‍ഹ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച നടപടി “കാവല്‍ക്കാരന്‍ കള്ളനാണ്” എന്ന ക്രൈം ത്രില്ലറിലെ ഏറ്റവും പുതിയ എപ്പിസോഡെന്ന് രാഹുല്‍ ഗാന്ധി.
“ദല്‍ഹിയില്‍ ഇപ്പോള്‍ ചൗകിദാര്‍ ഈസ് എ തീഫ് (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പേരില്‍ ഒരു ക്രൈം ത്രില്ലര്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ പുതിയ എപ്പിസോഡില്‍ സി.ബി.ഐ ഡി.ഐ.ജി നാഷണല്‍ സെക്യൂരിറ്റി അഡ്‌വൈസര്‍ക്കെതിരെയും, ഒരു മന്ത്രിക്കെതിരെയും, ലോ സെക്രട്ടറിക്കെതിരെയും, ക്യാബിനറ്റ് സെക്രട്ടറിക്കെതിരെയും ഗൗരവമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് മടുത്തു, വിശ്വാസം നഷ്ടപ്പെട്ടു. ജനാധിപത്യം കരയുകയാണ്”- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായി ചൗധരിക്ക് മൊയിന്‍ ഖുറേഷി കേസില്‍ ഉള്‍പ്പെട്ട സതീഷ് സന “കുറച്ച് കോടികള്‍” കൈക്കൂലി നല്‍കിയതായി സിന്ഹ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇടനിലക്കാരന്‍ മനോജ് പ്രസാദിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ബന്ധമുണ്ടെന്നും സിന്‍ഹ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
നീരവ് മോദി കേസും രാകേഷ് അസ്താനയ്ക്കെതിരായ കേസും നിരീക്ഷിച്ചിരുന്ന ഡി.ഐ.ജി മനീഷ് കുമാര്‍ സിന്‍ഹയെ സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ അലോക് വര്‍മ്മ നാഗ്പൂരിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ മനീഷ് സിന്‍ഹ നല്കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.