ഷാവേസിന്റെ നില ഗുരുതരം; ശ്വാസകോശത്തില്‍ അണുബാധ
World
ഷാവേസിന്റെ നില ഗുരുതരം; ശ്വാസകോശത്തില്‍ അണുബാധ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st January 2013, 12:56 am

കാരക്കാസ്: അര്‍ബുദബാധയെ തുടര്‍ന്ന് ക്യൂബയില്‍ ചികിത്സയില്‍ കഴിയുന്ന വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ നില അതീവ ഗുരുതരം. കഴിഞ്ഞ ദിവസത്തെ ശസത്രക്രിയയക്ക് ശേഷം അദ്ദേഹത്തിന്റെ നില കൂടുതല്‍ ഗുരുതരമായതായി വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോ അറിയിച്ചു.[]

ഷാവേസ് ചികിത്സയില്‍ കഴിയുന്ന ഹവാന ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായതായി അറിയിച്ചിരിക്കുന്നത്. നില ഗുരുതരമായതിനെ തുടര്‍ന്ന് ഷാവേസിനെ സന്ദര്‍ശിക്കാന്‍ മധുര ക്യൂബയിലെത്തിയിരുന്നു.

ഷാവേസിനെയും വെനസ്വേലയേയും സംബന്ധിച്ച് ഇനിയുള്ള മണിക്കൂറുകള്‍ ഏറെ നിര്‍ണായകമാണെന്ന് ക്യൂബയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം മധുരോ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ശസ്ത്രക്രിയയ്ക്കിടെയുണ്ടായ രക്തസ്രാവമാണ് ഷാവേസിന്റെ നില വഷളാക്കിയത്. രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പെല്‍വിക് ക്യാന്‍സറാണ് ഷാവേസിനെ ബാധിച്ചിരിക്കുന്നത്.

രക്തസ്രാവത്തെ തുടര്‍ന്നുണ്ടായ അണുബാധയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

ഇതിന് മുമ്പ് മൂന്ന് തവണ ശസ്ത്രക്രിയയ്ക്കും നാല്  വട്ടം കീമോ തറാപ്പിക്കും ഷാവേസ് വിധേയനായിട്ടുണ്ട്. ഭേദമായെന്ന് കരുതിയ രോഗം വീണ്ടും തിരിച്ചെത്തിയതോടെ വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചാണ് ഷാവേസ് ചികിത്സയ്ക്കായി ക്യൂബയിലേക്ക് തിരിച്ചത്.

ഷാവേസിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വെനസ്വേലന്‍ ജനത. ഈ മാസം പത്തിന് രോഗത്തില്‍ നിന്ന് മുക്തനായി വീണ്ടും അധികാരത്തില്‍ ഷാവേസ് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ഷാവേസിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് രണ്ടാഴ്ച്ചയ്ക്ക് മുമ്പ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.