ക്രിസ്ത്യന്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റായ ചാവറ മാട്രിമോണിയുടെ പുതിയ പരസ്യചിത്രം ചര്‍ച്ചയാവുന്നു.
സ്ത്രീവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ് പരസ്യചിത്രം എന്നാണ് ഉയരുന്ന വിമര്‍ശനം.
വിവാഹം കഴിക്കാന്‍ ഇഷ്ടമില്ലാത്ത, കലാകാരിയായ ഒരു പെണ്‍കുട്ടി മാട്രിമോണിയിലൂടെ കണ്ടുമുട്ടിയ ഒരാളെ വിവാഹം കഴിക്കുന്നതും പിന്നീട് നാല് കുട്ടികളുടെ അമ്മയാകുന്നതുമാണ് പരസ്യചിത്രത്തില്‍ കാണിക്കുന്നത്.
ഗര്‍ഭിണിയായ പെണ്‍കുട്ടി തന്റെ മറ്റ് മൂന്ന് കുട്ടികളോടൊപ്പം ‘സന്തോഷത്തോടെ’ സമയം ചെലവഴിക്കുന്നതായാണ് പരസ്യത്തില്‍ ചിത്രീകരിച്ചത്.
”ഇത് സാറ. വലിയ കലാകാരിയൊക്കെയാണെങ്കിലും സാറക്ക് കുട്ടികളെ ഇഷ്ടമല്ല. കല്യാണവും ഉത്തരവാദിത്തങ്ങളും ഒന്നും ഇഷ്ടമല്ല.
ചാവറ മാട്രിമോണി ഡോട്ട്‌കോമിലൂടെ എബിയെ പരിചയപ്പെട്ട് വിവാഹം കഴിക്കുന്നത് വരെ.
ഇഷ്ടക്കേടുകള്‍ ഇഷ്ടങ്ങളായി മാറുന്നു, ചേരുന്ന ജീവിതപങ്കാളിയെ കിട്ടുമ്പോള്‍,” എന്നാണ് പരസ്യചിത്രത്തില്‍ പറയുന്നത്.
സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിസ് ജോയ് ആണ് പരസ്യചിത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്.
കലാകാരിയായ, സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് കുടുംബജീവിതം നയിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന തരത്തിലുള്ള, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരസ്യമാണ് ഇതെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനം.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ള പരസ്യചിത്രത്തിനതെിരെ സമൂഹമാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ വിമര്‍ശനമുയരുന്നുണ്ട്.
ഇന്നത്തെ കാലത്തും ഇത്തരത്തിലുള്ള ചിന്തകള്‍ പുറത്തുവരുന്നത് അത്ഭുതപ്പെടുത്തുന്ന എന്ന തരത്തിലും പ്രതികരണങ്ങളുയരുന്നുണ്ട്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘സാറാസ്’ എന്ന സിനിമയിലെ സാറ എന്ന കഥാപാത്രത്തിന്റെ പേര് തന്നെ പരസ്യത്തിലെ കഥാപാത്രത്തിന് നല്‍കുക വഴി ഈ പരസ്യചിത്രത്തിലൂടെ സാറാസിനെ വിമര്‍ശിക്കുകയല്ലേ എന്ന ചോദ്യവും സോഷ്യല്‍മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
അന്ന ബെന്‍ ആയിരുന്നു സാറാസില്‍ കേന്ദ്രകഥാപാത്രമായ സാറയെ അവതരിപ്പിച്ചത്. സിനിമാ സംവിധായികയാവാന്‍ ആഗ്രഹിക്കുന്നയാളായിരുന്നു സാറ. കുട്ടികളെ ഇഷ്ടമില്ലാത്ത, വിവാഹശേഷം പ്രസവിക്കില്ലെന്ന് തീരുമാനമെടുക്കുന്ന സാറ, ഗര്‍ഭിണിയാകുന്നതും എന്നാല്‍ തന്റെ കരിയറിന് പ്രാധാന്യം നല്‍കി ഇപ്പോള്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ച് അബോര്‍ഷന്‍ തിരഞ്ഞെടുക്കുന്നതും പിന്നീട് താന്‍ ആഗ്രഹിച്ച നിലയില്‍ ഒരു കരിയര്‍ തന്നെ സ്വന്തമാക്കുന്നതുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.
Content Highlight: Chavara Matrimony ad invites criticism