| Friday, 4th September 2020, 3:41 pm

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍; തിയതി പ്രഖ്യാപനം പിന്നീടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍ നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. രാജ്യത്ത് 65 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ടെന്നും ഇത് ഉപേക്ഷിക്കാനാവില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ന് പ്രത്യേക യോഗം ചേര്‍ന്ന് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

ബീഹാര്‍ നിയമസഭയുടെ കാലാവധി നവംബറില്‍ അവസാനിക്കുകയാണ്. അതുകൊണ്ട് തന്നെ നവംബര്‍ 29 നകം പുതിയ നിയമസഭ രൂപീകരിക്കേണ്ടതുണ്ട്.

ഇതോടൊപ്പം തന്നെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 64 അസംബ്ലി സീറ്റുകളിലേക്കും ഒരു ലോക്‌സഭ സീറ്റിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇതും ബീഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന ചീഫ് സെക്രട്ടറിമാരുടേയും സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാരുടേയും റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

കേരളത്തില്‍ ഏപ്രില്‍ മെയ് മാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തില്‍ ഒഴിവുള്ള കുട്ടനാട്, ചവറ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ വേണ്ടെന്നാണ് ചീഫ് ഇലക്ട്രല്‍ ഓഫീസറും സര്‍ക്കാരും നേരത്തെ കമ്മീഷനെ അറിയിച്ചിരുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിലൂടെ പൊലീസ് സേനയുടെ വിന്യാസം ക്രമസമാധാന പാലനം തുടങ്ങിയവ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; chavara kuttanad election

We use cookies to give you the best possible experience. Learn more