ന്യൂദല്‍ഹി: യു.പി.എയുടെ ഭാഗമാകാന്‍ ശിവസേനയ്ക്ക് കഴിയില്ലെന്നും ശിവസേന- കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ മാത്രമെ പ്രാവര്‍ത്തികമാകുള്ളുവെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അശോക് ചവാന്‍.
ശിവസേന ഇതുവരെ യു.പി.എയുടെ ഭാഗമായിട്ടില്ല. മഹാരാഷ്ട്രയിലെ പൊതുസാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ശിവസേനയുമായി ഞങ്ങള്‍ സഖ്യത്തിലേര്‍പ്പട്ടത്. അത് മഹാരാഷ്ട്രയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്, ചവാന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ നിലപാടിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നിക്കണമെന്നും ശക്തമായ ബദല്‍ സൃഷ്ടിക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു ചവാന്റെ പ്രതികരണം.
കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ സോണിയ ഗാന്ധിയുടെ പങ്ക് വളരെ വലുതാണെന്നും എല്ലാ സഖ്യകക്ഷികളെയും ഒരുപോലെ കൊണ്ടുപോകാന്‍ സോണിയാ ജിയ്ക്ക് കഴിയുന്നുണ്ടെന്നും റാവത്ത് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃനിരയിലേക്ക് എന്‍.സി.പി നേതാവ് ശരദ് പവാര്‍ എത്തുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച റാവത്ത് രാജ്യത്ത് നേതാക്കള്‍ക്ക് ക്ഷാമമില്ലെന്നും പറഞ്ഞിരുന്നു.
അതേസമയം യു.പി.എ നേതൃത്വത്തെ പറ്റി പരസ്യമായി അഭിപ്രായം പറയുന്നത് ഉദ്ദവ് താക്കറെ സഖ്യത്തിന് അനുയോജ്യമല്ലെന്നായിരുന്നു ചവാന്റെ പരാമര്‍ശം.
യു.പി.എ നേതൃനിരയിലേക്ക് ശരദ് പവാര്‍ എത്തുമെന്ന വാര്‍ത്ത അദ്ദേഹം തന്നെ നിഷേധിച്ചിരുന്നു. തല്‍ക്കാലം പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ സോണിയ ഗാന്ധി തന്നെ മതിയെന്ന തീരുമാനത്തിലാണ് പ്രവര്‍ത്തകര്‍. അതുകൊണ്ട് തന്നെ ഈ വിഷയം പരസ്യചര്‍ച്ചകള്‍ക്കെടുക്കേണ്ട ആവശ്യമില്ലെന്നും ചവാന്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്‍കുന്ന മഹാ അഘാഡി സഖ്യമാണ് ഭരിക്കുന്നത്. എന്‍.സി.പി കോണ്‍ഗ്രസ് അടക്കം നിരവധി സഖ്യകക്ഷികളാണ് മഹാ അഘാഡി സഖ്യത്തിലുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക