തൃശ്ശൂര്‍: ചാവക്കാട്ടെ രാഷ്ട്രീയക്കൊലപാതകത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത പുകയുന്നു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്ത് എസ്.ഡി.പി.ഐയാണെന്ന് പ്രാദേശിക നേതൃത്വവും വിവിധ നേതാക്കളും ആരോപിക്കുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
പ്രതിസ്ഥാനത്ത് ആരെന്നതിനെപ്പറ്റി ഒരക്ഷരം പോലും പറയാതെയായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നു പ്രതികരിച്ചത്. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ എം.പിയും ഇതേ ലൈന്‍ തന്നെയായിരുന്നു ഇന്നു സ്വീകരിച്ചത്.
എന്നാല്‍ ഈ സാഹചര്യത്തിലും എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് ഉറപ്പിച്ചു പറയുകയാണു പ്രാദേശിക നേതൃത്വം. ഇക്കാര്യത്തില്‍ യാതൊരു സംശയവമില്ലെന്ന് കോണ്‍ഗ്രസിന്റെ ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
ഏറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ചാവക്കാട്ടെ അക്രമം നടന്ന പുന്ന. എസ്.ഡി.പി.ഐയാണ് ഇവിടെ നടക്കുന്ന അക്രമങ്ങള്‍ക്കു പിന്നില്‍. എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെ ഒരക്രമസംഭവം പോലുമുണ്ടായിട്ടില്ല. ഒരു പ്രകോപനവുമില്ലാതെയാണ് ഇപ്പോള്‍ അക്രമമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പ്രതികരിച്ചു.
പുന്ന ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് എട്ട് ബൈക്കുകളിലായി 16 പേരെത്തിയത്. കൈകളില്‍ ആയുധങ്ങള്‍ ബാന്‍ഡേജ് ഉപയോഗിച്ചു കെട്ടിവെച്ച നിലയിലായിരുന്നു ഇവര്‍ വന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇതു പ്രത്യാക്രമണം ഭയന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രാദേശിക നേതൃത്വവുമായി മുല്ലപ്പള്ളി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാലാവാം അങ്ങനെ പ്രസ്താവന നടത്തിയതെന്നും ഗോപപ്രതാപന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
ചാവക്കാട് കൊലപാതകം എസ്.ഡി.പി.ഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന് എസ്.ഡി.പിഐയോട് മൃദുസമീപനമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൂൾന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
https://t.me/thedoolnews
മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസിന്റെ വീഴ്ചയാണ് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ കൊലപാതകം ആവര്‍ത്തിക്കാന്‍ കാരണം. എസ്.ഡി.പി.ഐയെ നിയമപരമായി നേരിടണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു.
എസ്.ഡി.പി.ഐ. കേരളത്തിലെ സമാധനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. എസ്.ഡി.പി.ഐ.യുടെ ഇത്തരം നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ പുതിയ അക്രമികള്‍ ഉയര്‍ന്ന് വരികയാണെന്നാണ് കെ സുധാകരന്‍ എം.പി പറഞ്ഞു. എസ്.ഡി.പി.ഐ യുടെ ഭീകരതയെ ചെറുക്കാന്‍ ഭരണകൂടം നടപടി സ്വീകരിക്കണം. കൊലപാതകികളെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
ഇന്നലെയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇവരിലൊരാള്‍ ഇന്ന് മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. ബിജേഷ്, നിഷാദ് സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.