തൃശൂര്‍: ചാവക്കാട് ഹനീഫ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകന്‍ ഗോപപ്രതാപന്‍ കെ.പി.സി.സിക്കെതിരെ രംഗത്ത്. കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷമത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍ കെ.പി.സി.സി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ച് മൂന്നുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കെ.പി.സി.സിയുടെ അന്വേഷണ കമ്മീഷന്‍ ഇതുവരെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് സംശയാസ്പദമാണ്. അതിനാല്‍ അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് കെ.പി.സി.സി ആവശ്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹമധ്യത്തില്‍ കൊലയാളി പരിവേഷം ചാര്‍ത്താ ജീവിതം തകര്‍ക്കുകയാണ് പാര്‍ട്ടി ചെയ്തത്. താന്‍ നിരപരാധിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ജനങ്ങളോടും തുറന്നു പറയാനുള്ള ധാര്‍മ്മികത കെ.പി.സി.സി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസില്‍ തന്നെയും മന്ത്രി സി.എന്‍ ബാലകൃഷ്ണനെയും പ്രതിയാക്കാന്‍ കോണ്‍ഗ്രസിനകത്തും സി.പി.ഐ.എമ്മിനകത്തും നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നും ഗോപപ്രതാപന്‍ ആവശ്യപ്പെട്ടു.
ഹനീഫ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്ന ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും റിപ്പോര്‍ട്ട് വരുന്നതിനു മുമ്പേ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത നടപടി ദുഖകരമാണ്. ഒടുവില്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞിട്ടും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതെന്തിനാണെന്ന് കെ.പി.സി.സി വ്യക്തമാക്കണമെന്നും ഗോപപ്രതാപന്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ കോണ്‍ഗ്രസിലെയും സി.പി.ഐ.എമ്മിലെയും ചിലര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത് തനിക്കെതിരെ നടക്കുന്ന അടുത്ത ഗൂഢാലോചനയാണെന്നും ഗോപപ്രതാപന്‍ പറഞ്ഞു.
മൂന്നുമാസം മുമ്പാണ് ചാവക്കാട് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് ഹനീഫ കൊല്ലപ്പെട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന ഗോപപ്രതാപനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കെ.പി.സി.സി പുറത്താക്കുകയായിരുന്നു.