| Monday, 30th August 2021, 11:15 am

ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാരും പൊലീസും ഒന്നും ചെയ്യുന്നില്ല; പള്ളികള്‍ സംരക്ഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്ന് ചത്തീസ്ഗഡിലെ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ചത്തീസ്ഗഡില്‍ പാസ്റ്ററെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍. ആരാധനലായങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുകയാണെന്നും ഇതിനെതിരെ പൊലീസോ സര്‍ക്കാരോ അവശ്യ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ പ്രതികരിച്ചു.

ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേകം സ്‌ക്വാഡ് രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് ചത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറഞ്ഞത്. സംസ്ഥാനത്തെ വിവിധ ക്രിസ്ത്യന്‍
ഗ്രൂപ്പുകളുമായി ചേര്‍ന്ന് ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തില്‍ അദ്ദേഹം അറിയിച്ചു.

‘സംസ്ഥാനത്ത് കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ പത്തിലേറെ സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നു. ഇവയിലൊന്നില്‍ പോലും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.

ഞങ്ങള്‍ക്ക് നീതി വേണം. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് അക്രമിസംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ തന്നെയാണ് വ്യക്തമാക്കുന്നത്,’ അരുണ്‍ പന്നലാല്‍ പറഞ്ഞു.

ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പൊലീസ് അവശ്യ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കുമെന്നും അരുണ്‍ പന്നലാല്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കബീര്‍ദാം ജില്ലയിലെ പൊല്‍മി എന്ന ഗ്രാമത്തിലെ പാസ്റ്റര്‍ക്ക് നേരെ ആള്‍ക്കൂട്ടാക്രമണം നടന്നത്. നൂറിലേറെ പേരടങ്ങിയ സംഘമാണ് വീട്ടിലേക്ക് അതിക്രമിച്ചെത്തി പാസ്റ്ററെയും കുടുംബത്തെയും ക്രൂരമായി മര്‍ദ്ദിച്ചത്.

മതപരിവര്‍ത്തനം നടത്തരുത് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഈ സംഘമെത്തിയത്. ഇവര്‍ വീട്ടിലെ വസ്തുവകകള്‍ തല്ലിതകര്‍ക്കുകയും ചെയ്തു.

‘രാവിലെ 11 മണിയോടെ പാസ്റ്റര്‍ കവാല്‍സിംഗ് പരസ്തേയുടെ വീട്ടില്‍ ചില പ്രാര്‍ത്ഥനകള്‍ നടക്കുകയായിരുന്നു. ഇതിനിടെ നൂറിലേറെ പേരടങ്ങിയ ഒരു ആള്‍ക്കൂട്ടം വീട്ടിലേക്ക് ഇരച്ചെത്തുകയും പ്രാര്‍ത്ഥന പുസ്തകങ്ങളും ആരാധനക്ക് ഉപയോഗിക്കുന്ന വസ്തുക്കളും വീട്ടിലുള്ള മറ്റു വസ്തുക്കളുമെല്ലാം തല്ലിതകര്‍ക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം,’ കബീര്‍ദാം എസ്.പി മോഹിത് ഗര്‍ഗ് പറഞ്ഞു.

പാസ്റ്ററെയും കുടുംബത്തിലെ സ്ത്രീകളടക്കമുള്ളവരെയും മര്‍ദ്ദിച്ചവശരാക്കിയ ശേഷം ഈ സംഘം രക്ഷപ്പെട്ടെന്നും മോഹിത് ഗര്‍ഗ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Chattisgarh pastor attacked by mob incident, christian groups to start squad to protect churches

We use cookies to give you the best possible experience. Learn more