ഒരു ലിറ്ററിന് നാലു രൂപ നിരക്കില്‍ ഗോമൂത്രം വാങ്ങും, അതില്‍ നിന്ന് കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കണം: ഛത്തീസ്ഗഡ് സര്‍ക്കാര്‍
national news
ഒരു ലിറ്ററിന് നാലു രൂപ നിരക്കില്‍ ഗോമൂത്രം വാങ്ങും, അതില്‍ നിന്ന് കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കണം: ഛത്തീസ്ഗഡ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th July 2022, 11:51 pm

ഛത്തീസ്ഗഡ്: നാല് രൂപയ്ക്ക് ഗോമൂത്രം വാങ്ങാനൊരുങ്ങി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജൂലൈ 28 മുതല്‍ നടക്കാനിരിക്കുന്ന പ്രാദേശിക ‘ഹരേലി’ ഉത്സവത്തില്‍ നിന്ന് ഗോമൂത്രം വാങ്ങാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഗോധന്‍ ന്യായ് യോജന എന്ന പദ്ധതിയ്ക്ക് കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ജൈവ കര്‍ഷകര്‍ക്കും വരുമാനം നല്‍കുക ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പദ്ധതി പ്രഖ്യാപിച്ചത്.

ആദ്യഘട്ടമെന്ന നിലയില്‍ ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ ആയിരിക്കും ഗോമൂത്രം വാങ്ങുക. ലിറ്ററിന് കുറഞ്ഞത് നാലുരൂപയെങ്കിലും നല്‍കണമെന്നാണ് നിര്‍ദ്ദേശം.

എല്ലാ കളക്ടര്‍മാരോടും ഗോമൂത്രം വാങ്ങുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഉറപ്പാക്കാന്‍ ഗോധന്‍ ന്യായ് മിഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അയാസ് താംബോലി ആവശ്യപ്പെട്ടിട്ടുണ്ട്.

2020 ജൂലൈയിലാണ് പദ്ധതി ആരംഭിക്കുന്നത്. അന്ന് ശേഖരിച്ച ചാണകത്തില്‍ നിന്നും മണ്ണിര കമ്പോസ്റ്റ് സര്‍ക്കാര്‍ ഉത്പാദിപ്പിച്ചിരുന്നുവെന്നും വനിതാ സ്വയം സഹായ സംഘങ്ങളുടെ സഹായത്തോടെ ഇത്തരത്തില്‍ 2 രൂപ നിരക്കില്‍ ശേഖരിച്ച ചാണകത്തില്‍ നിന്നും 14 കോടി രൂപയോളം മൂല്യമുള്ള മണ്ണിര കമ്പോസ്റ്റ് ഉത്പാദിപ്പിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറുന്നു.

ഗോമൂത്രത്തെ സംബന്ധിച്ച രസകരമായ ചില വാര്‍ത്തകളും സമീപകാലത്ത് പുറത്തുവന്നിരുന്നു. പ്രേതബാധയ്ക്കും വാസ്തു ദോഷത്തിനും മറ്റു പ്രശ്നങ്ങള്‍ക്കും ലളിതമായ പരിഹാരമായി ഗോമൂത്രം സജസ്റ്റ് ചെയ്ത ബി.ജെ.പി മന്ത്രിയുടെ വാര്‍ത്തയും ഏറെ ചര്‍ച്ചയായിരുന്നു.
പ്രശ്നപരിഹാരത്തിനായി ഗോമൂത്രം തളിച്ചാല്‍ മതിയെന്നാണ് ഉത്തര്‍പ്രദേശിലെ ക്ഷീര വികസന മന്ത്രിയായ ധരംപാല്‍ സിംഗ് പറഞ്ഞത്.

പ്രേതബാധയേറ്റയാളുടെ ദേഹത്ത് അല്‍പം ഗോമൂത്രം തളിക്കുകയാണെങ്കില്‍ അയാളെ ബാധിച്ചിരിക്കുന്ന പ്രേതം / ആത്മാവ് നിമിഷ നേരം കൊണ്ട് ശരീരമുപേക്ഷിച്ച് പോവുമെന്നാണ് ധരംപാല്‍ സിംഗിന്റെ കണ്ടുപിടുത്തം.

ചാണകത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും ഇതിനായി പശുവിനെ വാങ്ങുമെന്നും ഛത്തീസ്ഗഡ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു.

Content Highlight: Chattisgarh government to buy cow urine for rupees 4 per litre