റായ്പൂര്‍: മധ്യപ്രദേശിന് പിന്നാലെ ചത്തീസ്ഗഢിലും തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം നടപ്പിലാക്കി കോണ്‍ഗ്രസ്. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമാവുകയാണ് ചത്തീസ്ഗഢിലെ കോണ്‍ഗ്രസിന്റെ നീക്കം.
പത്തു ദിവസത്തിനകം കര്‍ഷകരുടെ മുഴുവന്‍ ബാധ്യതയും എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ വ്യക്തമാക്കി. മാത്രമല്ല കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താങ്ങുവില ക്വിന്റലിന് 1700ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി സത്യപ്രതിജ്ഞക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ALSO READ: മധ്യപ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി; കമല്‍നാഥ് സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം
നേരത്തെ മധ്യപ്രദേശ് സര്‍ക്കാരും കര്‍ഷകരുടെ കടം എഴുതിതള്ളുമെന്ന് പറഞ്ഞിരുന്നു. 2018 മാര്‍ച്ച് 31 ന് മുമ്പ് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും സഹകരണബാങ്കില്‍ നിന്നും എടുത്ത കടങ്ങളാണ് എഴുതിതള്ളിയത്.അധികാരമേറ്റ് രണ്ട് മണിക്കൂറിനകമായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രഖ്യാപനം.
രണ്ട് സംസ്ഥാനങ്ങളിലേയും സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പ്രഖ്യാപനമാണിത്. നേരത്തെ കമല്‍നാഥ് സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ കര്‍ഷകരുടെ ജീവിത സാഹചര്യം ദുസ്സഹമായിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരണായുധമായിരുന്നു കാര്‍ഷിക പ്രശ്‌നങ്ങള്‍.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രധാനമായും വോട്ടുചോര്‍ച്ചയുണ്ടായത് ഗ്രാമങ്ങളിലാണ്. തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.