| Tuesday, 27th September 2022, 9:47 pm

ഭാസിയുടെ 'തലവെട്ടി' ചട്ടമ്പിയുടെ പുതിയ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവതാരകയെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ നടന്‍ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ‘ചട്ടമ്പി’ സിനിമയുടെ പുതിയ പോസ്റ്റര്‍. അവതാരകയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പി സിനിമയുടെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തിറക്കിയത്.

സെപ്റ്റംബര്‍ 23ന് റിലീസ് ചെയ്ത ശ്രീനാഥ് ഭാസി നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് നിരൂപകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്. സിനിമ റിലീസിന് മുമ്പോ ശേഷമോ നായകന്‍മാര്‍ വിവാദങ്ങളില്‍ പെടുന്ന സംഭവങ്ങളുണ്ടെങ്കിലും നായകനെ ഒഴിവാക്കി പോസ്റ്റര്‍ ഇറക്കുന്നത് അപൂര്‍വമാണ്.

ചട്ടമ്പിയുടെ റിലീസിന് മുമ്പ് തന്നെ ശ്രീനാഥ് ഭാസി വിവാദത്തിലുള്‍പ്പെട്ടിരുന്നു. അവതാരകയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങുകയുമായിരുന്നു.

അതേസമയം, അവതാരകയെ അപമാനിച്ച സംഭവത്തില്‍ പ്രതിയായ ശ്രീനാഥ് ഭാസിയെ സിനിമാ മേഖലയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനമായിരിക്കുകയാണ്. ചൊവ്വാഴ്ച വിളിച്ച് ചേര്‍ത്ത പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മീറ്റിങ്ങിലാണ് തീരുമാനം. തെറ്റുകളെല്ലാം ശ്രീനാഥ് സമ്മതിച്ചുവെന്ന് പ്രസ് മീറ്റില്‍ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

‘പ്രത്യേക സാഹചര്യം മൂലവും ചില സ്വകാര്യ പ്രശ്നങ്ങള്‍ മൂലവും അറിയാതെ സംഭവിച്ചതാണ്. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. പരാതിക്കാരിയോട് അദ്ദേഹം നേരിട്ട് ക്ഷമാപണം നടത്തി. മാതൃകയാക്കേണ്ട ആളുകള്‍ ഇത്തരം പെരുമാറ്റം നടത്തുമ്പോള്‍ നടപടിയെടുക്കണം.

ശ്രീനാഥ് ഭാസി കുറച്ച് നാളത്തേക്ക് ഞങ്ങളുടെ സിനിമകള്‍ ചെയ്യണ്ട എന്നാണ് തീരുമാനം. മാറിനില്‍ക്കേണ്ട സമയം ഞങ്ങള്‍ തീരുമാനിക്കും. കുറച്ച് നാളത്തേക്കുള്ള ശിക്ഷാനടപടിയാണിത്. സെലിബ്രിറ്റികള്‍ മാതൃകയാവേണ്ടവരാണെന്നും’ പ്രസ് മീറ്റില്‍ നിര്‍മാതാക്കള്‍ പറഞ്ഞു.

ആഷിഖ് അബുവിന്റെ അസോസിയേറ്റും 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ എന്നീ ചിത്രങ്ങളുടെ രചയിതാവുമായ അഭിലാഷ് എസ്. കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചട്ടമ്പി’. ഡോണ്‍ പാലത്തറയുടെ കഥക്ക് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയായ അലക്സ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മിക്കുന്നത്. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു നാടന്‍ ചട്ടമ്പിയുടെ കഥപറയുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Content Highlight: Chattambi Movie New poster Excluded Actor Sreenath Bhasi after Controversy

We use cookies to give you the best possible experience. Learn more