| Wednesday, 8th March 2023, 5:12 pm

ക്രിസ്റ്റഫറിനെ നേരിടാന്‍ സെലീന; ഒ.ടി.ടിയില്‍ നാളെ വമ്പന്‍ റിലീസുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയ ചതുരത്തിന്റെ ഒ.ടി.ടി റിലീസ് നാളെയാണ്. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ചതുരത്തിന്റെ ഒ.ടി.ടി അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് സൈന പ്ലേയാണ്. സൈനയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മാര്‍ച്ച് ഒമ്പത് മുതല്‍ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കും.

അതേസമയം, മമ്മൂട്ടിയുടെ ക്രിസ്റ്റഫറും ഇതേ ദിവസമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത്. രണ്ട് സിനിമകളും തിയേറ്റര്‍ റിലീസ് സമയത്ത് ഏറെ പ്രേക്ഷകശ്രദ്ധനേടിയിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ക്രിസ്റ്റഫര്‍ റിലീസ് ചെയ്യുന്നത്. ഉണ്ണി കൃഷ്ണന്‍. ബിയാണ് ചിത്രം സംവിധാനം ചെയ്തത്.

സെലീന എന്നാണ് ചതുരത്തില്‍ സ്വാസികയുടെ കഥാപാത്രത്തിന്റെ പേര്. സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്തത്. ചതുരത്തിന്റെ ഒ.ടി.ടി റിലീസിനായി ഏറെ നാളായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. തിയേറ്റര്‍ റിലീസിന് പിന്നാലെ സ്വാസികയുടെ പെര്‍ഫോമന്‍സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രം നവംബര്‍ നാലിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരായിരുന്നു ചതുരത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചതുരത്തിന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. റോഷന്‍ മാത്യു, സ്വാസ്വിക എന്നിവര്‍ക്ക് പുറമെ ശാന്തി, അലന്‍സിയര്‍, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗര്‍, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും യെല്ലോ ബോര്‍ഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിതാ അജിത്തും ജോര്‍ജ് സാന്തിയാഗോയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സിദ്ധാര്‍ഥ് ഭരതനും വിനോയി തോമസും ചേര്‍ന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രദീഷ്. എം. വര്‍മ്മയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.

content highlight: chathuram and christopher ott release

Latest Stories

We use cookies to give you the best possible experience. Learn more