Chathur Mukham Film Review : കോഹിനൂര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സലില്‍.വിയുടെയും, രഞ്ജീത് കമല ശങ്കറിന്റെയും ആദ്യ സംവിധാന സംരംഭമാണ് ‘ചതുര്‍ മുഖം’. കോഹിനൂര്‍ ഒരു കോമഡി ത്രില്ലറായിരുന്നു. എന്നാല്‍ ചതുര്‍മുഖം ഒരു ടെക്നോ ഹൊറര്‍ ത്രില്ലറാണ്.
ആദ്യമായാണ് ഒരു ടെക്നോ ഹൊറര്‍ ത്രില്ലര്‍ മലയാള സിനിമയില്‍ അരങ്ങേറുന്നത്. എന്താണ് ടെക്നോ ഹൊറര്‍ ത്രില്ലര്‍?. നമ്മളെല്ലാവരും ജീവിക്കുന്ന ചുറ്റുപാടുകളില്‍, ദിനംപ്രതി ജീവിതത്തില്‍ വലിയൊരു സാനിധ്യവും, സ്വാധീനവും ഇന്ന് ടെക്നോളജിക്കുണ്ട്.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഫോണ്‍ എടുത്ത് കൊണ്ട് ഒരു ദിവസത്തെ നമ്മള്‍ വരവേല്‍ക്കുന്നു. നമ്മുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ നമ്മള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെയ്ക്കുന്നു. അഭിപ്രായങ്ങള്‍ പറയുന്നു. അങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ ഇന്ന് ടെക്നോളജി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്.
പ്രധാനമായും മൊബൈല്‍ ഫോണ്‍ ഇന്ന് നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറി കഴിഞ്ഞിരിക്കുന്നു. ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും ഇല്ലാത്ത ആളുകള്‍ ഇന്ന് വിരളമാണ്. പ്രത്യേകിച്ച് ലോക്ക് ഡൗണ്‍ സമയങ്ങളിലെല്ലാം എല്ലാ തലമുറയിലുമുള്ള ആളുകളും സ്മാര്‍ട്ട് വേള്‍ഡിലേക്ക് വല്ലാതെ ആശ്രയിക്കപ്പെട്ടിരുന്നു.
ചതുര്‍മുഖം അത്തരം ലോകത്തിലെ കഥയാണ് പറയുന്നത്. തേജസ്വിനി എന്ന മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രം സെല്‍ഫിയെടുത്താണ് തന്റെ ഒരു ദിവസം തുടങ്ങുന്നത്. തുടര്‍ന്ന് തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സെല്‍ഫികളിലൂടെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട് അതില്‍ ലയിച്ചു ജീവിക്കുന്ന, തന്റെ ചുറ്റുപാടുകളില്‍ അധികം ശ്രദ്ധ ചെലുത്താത്ത ഒട്ടനേകം ആളുകളെ പോലെയാണ് ചതുര്‍മുഖത്തിലെ നായികയും.
നമുക്ക് ചുറ്റുമോ, നമ്മളില്‍ ഒരാളോ ആണ് തേജസ്വിനി. തന്റെ സുഹൃത്തായ ആന്റണിയ്ക്കൊപ്പം’ ഐ നെറ്റ്’ എന്ന സി.സി ടി.വി ക്യാമറ സ്ഥാപനം നടത്തുകയാണ് തേജസ്വിനി.സണ്ണി വെയിനാണ് ആന്റണിയായി എത്തുന്നത്. തേജസ്വിനി എന്താണ്? അവള്‍ക്ക് ആന്റണിയുമായുള്ള സൗഹൃദം, അവളുടെ ബിസിനസ്സ്, ജനിച്ച നാട്, വീട്ടുകാര്‍ എന്നിങ്ങനെ ആ കഥാപാത്രത്തിനെയും ചുറ്റുപാടുകളെയുമെല്ലാം തുറന്ന് കാട്ടുകയാണ് ആദ്യ പകുതിയിലെ ആദ്യ 20 മിനുട്ട്. തേജസ്വിനിയ്ക്ക് ചുറ്റുമുള്ള ആളുകളെ, ചുറ്റുപാടുകളെ അല്‍പ്പം ഡ്രാമയോട് കൂടിയാണ് സംവിധായകര്‍ ചിത്രീകരിച്ചിരിക്കുന്നത്.അധികം ഡ്രാമ മുഴച്ചു നില്‍ക്കാതെ തന്നെ നാട്ടിലെ ഫാമിലി പോര്‍ഷന്‍സ് എല്ലാം അണിയിച്ചൊരുക്കുവാന്‍ തിരക്കഥയില്‍ സാധ്യമായി.
നാട്ടിലേക്ക് പോകുന്ന തേജസ്വിനിയ്ക്ക് തന്റെ കൈയിലുള്ള ഫോണ്‍ നഷ്ടപ്പെടുന്നു. ഒരു ഫോണ്‍ അഡിക്റ്റായ തേജസ്വിനി ഉടനെ തന്നെ താത്കാലികമായി ചെറിയ തുക കൊണ്ട് ഒരു പുതിയ ഫോണ്‍ വാങ്ങുന്നു.പുതിയ ഫോണിന്റെ വരവോടു കൂടി അവളുടെ ജീവിതത്തില്‍ അരങ്ങേറുന്ന നിഗൂഢതകള്‍ നിറഞ്ഞ ഒട്ടേറെ സാഹചര്യങ്ങളിലൂടെയാണ് ആദ്യ പകുതിയുടെ സഞ്ചാരം.ഒരു ഫോണ്‍ സൃഷ്ടിക്കുന്ന ഭീതി നിറഞ്ഞ സന്ദര്‍ഭങ്ങളുടെ ഘോഷയാത്രയാണ് പിന്നീട് അങ്ങോട്ട്. ഇവിടെ കണ്ടാല്‍ ഞെട്ടുന്ന പ്രേതരൂപങ്ങളില്ല,ഇരുട്ടത്ത് മുടിയഴിച്ചിട്ട് നടക്കുന്ന യക്ഷികളുമില്ല… അവയ്ക്കെല്ലാം തുല്യമായ ഭീതിയുണര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍ മാത്രം. ഒരു ഫോണ്‍ സൃഷ്ടിക്കുന്ന ഹൊറര്‍ ചുറ്റുപാടുകളും, ത്രില്ലിംഗ് മൊമെന്റ്‌സുമാണ് ചതുര്‍മുഖത്തെ വ്യത്യസ്തമാക്കുന്നത്.
അത്തരം സന്ദര്‍ഭങ്ങളാണ് ഇവിടുത്തെ ഹീറോ. അതിനെ ടെക്‌നിക്കല്‍ വശം കൊണ്ടും, തിരക്കഥകൊണ്ടും പ്രേക്ഷകരെ സീറ്റില്‍ പിടിച്ചിരുത്തി കൈവരിക്കുവാന്‍ സംവിധായകര്‍ക്കും,അണിയറപ്രവര്‍ത്തകര്‍ക്കും വിജയകരമായി സാധ്യമായി. അത്‌കൊണ്ടാണ് ചതുര്‍മുഖം സമീപകാലത്തെ വേറിട്ട ഹൊറര്‍ ത്രില്ലര്‍ അനുഭവമെന്ന് സത്യസന്ധമായി പറയുവാന്‍ സാധ്യമാകുന്നത്. ടെക്നോ ഹൊറര്‍ എന്നത് മലയാളത്തില്‍ മുന്‍പ് പരീക്ഷിച്ചിട്ടില്ലാത്ത ജോണറായത് കൊണ്ട് അതെന്താണെന്ന ചോദ്യത്തിനുള്ള ഉത്തരം ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന് ബോധ്യപ്പെടും. മനുഷ്യ പ്രേതങ്ങളെ കുറിച്ചല്ല, മനുഷ്യ നിര്‍മ്മിതമായ ടെക്കനോളജി പ്രതിഫലിപ്പിക്കുന്ന നെഗറ്റീവ് എനര്‍ജിയെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു ഹോമം കൊണ്ടോ, പ്രതികാരം കൊണ്ടോ, എക്‌സോസിസം കൊണ്ടോ ഒന്നും ഇതിനെ അതിജീവിക്കാന്‍ സാധിക്കില്ല എന്നത് തന്നെയാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന പ്രധാന വെല്ലുവിളി.
ശാസ്ത്രത്തെ തോല്‍പ്പിക്കുവാനോ ജയിക്കുവാനോ ശാസ്ത്രത്തിന് മാത്രമേ സാധിക്കൂ. അത്‌കൊണ്ട് തന്നെയാണ് ചതുര്‍മുഖത്തെ ഒരു ടെക്നോ ഹൊറര്‍ ത്രില്ലര്‍ എന്ന ജോണറില്‍ രേഖപ്പെടുത്താന്‍ സാധിക്കുന്നത്. അത്തരമൊരു ജോണറില്‍ കൈ വെയ്ക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ ഒരു നല്ല പരിധി വരെ തിരക്കഥകൊണ്ടും, സാങ്കേതിക മികവ് കൊണ്ടും അണിയറപ്രവര്‍ത്തകര്‍ അതിമനോഹരമായി മറികടക്കുന്നുണ്ട്. അഭിനന്ദന്‍ രാമാനുജന്റെ സിനിമാട്ടോഗ്രാഫിയും, ഡോണ്‍ വിന്‍സെന്റിന്റെ ഓഡിയോഗ്രാഫിയയുമെല്ലാം ടെക്‌നോ ഹൊറര്‍ ത്രില്ലര്‍ ഒരു വേറിട്ട ചലച്ചിത്രാനുഭവമാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ലോ ലൈറ്റ് ഷോട്ടുകളും,ഹോസ്റ്റലിലെ ലൈറ്റിങ്ങും,മെയിന്‍ റോഡിലെ സീക്വന്‍സുമെല്ലാം അഭിനന്ദിന്റെ ക്യാമറ വര്‍ക്ക് കൊണ്ട് കൂടി മികച്ച അനുഭവമായി.അതിനെ വേണ്ട രീതിയില്‍ ഡോണ്‍ വിന്‍സെന്റിന്റെ ശബ്ദമിശ്രണം ബാക്ക് ചെയ്യുന്നുണ്ട്. സാഹചര്യങ്ങള്‍ മുറുകിപ്പിക്കുന്നതില്‍ തിരക്കഥയ്‌ക്കൊപ്പമോ മുകളിലോ ടെക്‌നിക്കല്‍ വശം എത്തി നില്‍ക്കുന്നുണ്ട് ചിത്രത്തില്‍.സമീപകാലത്തെ ഏറ്റവും മികച്ച സി.ജി വര്‍ക്കുകളില്‍ ഒന്നാണ് ചതുര്‍മുഖത്തില്‍ കാണുവാന്‍ സാധിച്ചത്.
പ്രത്യേകിച്ച് ക്ലൈമാക്‌സിലെ നിമേഷ് എം തനൂറിന്റെ കലാ സംവിധാനം എടുത്ത് പറയേണ്ടതാണ്. ഒപ്പം മഞ്ജു വാരിയര്‍ എന്ന നടിയുടെ മികവുറ്റ ഒറ്റയാള്‍ പോരാട്ടം കൂടിയാകുമ്പോള്‍ ചിത്രം മികച്ച ത്രില്ലര്‍ അനുഭവം സമ്മാനിക്കുകയാണ് പ്രേക്ഷകന്. നിസ്സഹായായ, അമാനുഷികത്വം തീരെയില്ലാതെ ഒരു കഥാപാത്രം ഓപ്പോസിറ്റ് എനര്‍ജിക്ക് നേരെ പോരാടുകയാണ് ഓണ്‍ സ്‌ക്രീനില്‍. തനിക്ക് ചുറ്റുമുള്ള ആണ്‍ കഥാപാത്രങ്ങളെല്ലാം നിസ്സഹായരായി നോക്കി നില്‍ക്കേ ക്ലൈമാക്‌സ് ഒരു നായികയുടേത് മാത്രമാവുന്ന കാഴ്ചയാണ് ചതുര്‍മുഖം നമുക്ക് സമ്മാനിക്കുന്നത്.
അത്തരത്തിലൊരു പൊളിച്ചെഴുത്ത് തിരക്കഥയില്‍ നടത്തിയ അഭയാകുമാറും, അനില്‍ കുരിയനും പ്രശംസകള്‍ അര്‍ഹിക്കുന്നു. അന്യ ഭാഷകളില്‍ നായികാ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ വേറിട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും, വ്യത്യസ്ത ഴോണറുകളില്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെടുമ്പോഴും, മലയാള സിനിമയില്‍ empowering മോഡല്‍ സിനിമകള്‍ മാത്രമായി ഒരുങ്ങുകയാണോ എന്ന പരിമിതിയെ കൂടിയാണ് ചതുര്‍മുഖം ബ്രേക്ക് ചെയുന്നത്. ഇനിയും എല്ലാ ഭാഷകളിലും സംഭവിക്കുന്ന പോലെ വ്യത്യസ്ത ഴോണറുകളിലുള്ള ചിത്രങ്ങള്‍ മലയാളത്തിലും സംഭവിക്കട്ടെ, സ്ത്രീകള്‍ക്ക് മാത്രം ചെയ്യാന്‍ സാധ്യമാകുന്ന വേറിട്ട കഥാപാത്രങ്ങളും സിനിമകളും നിര്‍മ്മിക്കപ്പെടുവാന്‍ ചതുര്‍മുഖം ഒരു തുടക്കമാകട്ടെ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: ‘Chathur Mukham’; We must applaud this new experiment in Malayalam