| Sunday, 18th November 2018, 7:47 am

കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച്; ഛത്തീസ്ഗഢില്‍ പ്രചാരണം ഇന്നവസാനിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ഛത്തിസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം ഇന്ന് അവസാനിക്കും. ആകെയുള്ള 90 സീറ്റില്‍ 72 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നേതാക്കളെല്ലാം ഛത്തീസ്ഡില്‍ പ്രചാരണത്തിനുണ്ട്. തുടര്‍ച്ചയായി മൂന്ന് വട്ടം ഭരിച്ച ബി.ജെ.പി.യുടെ രമണ്‍ സിംഗിനെ തോല്‍പിക്കാനാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

ALSO READ: ശശികല 41 ദിവസം വ്രതമെടുത്തതിന് തെളിവെന്താ; സുരേന്ദ്രന് ആചാരം ലംഘിക്കാമോ?; വിമര്‍ശനവുമായി എം.ബി രാജേഷ്

നവംബര്‍ രണ്ടാം വാരം നടത്തിയ സര്‍വേ പ്രകാരം കോണ്‍ഗ്രസ് 41 സീറ്റുകളും ബി.ജെ.പി 43 സീറ്റുകളും നേടും. മറ്റുള്ളവര്‍ ആറു സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ദ സെന്റര്‍ ഫോര്‍ വോട്ടിങ് ഒപ്പീനിയന്‍ ആന്റ് ട്രന്റ് ഇന്‍ ഇലക്ഷന്‍ റിസര്‍ച്ച് ആണ് സര്‍വ്വേ നടത്തിയത്.

തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെയോ കോണ്‍ഗ്രസിനെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണക്കില്ലെന്ന് അജിത് ജോഗിക്കൊപ്പം ചേര്‍ന്ന് സംഖ്യമുണ്ടാക്കി മല്‍സരിക്കുന്ന ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിട്ടുണ്ട്.

തുടര്‍ച്ചയായി മൂന്നുതവണ ബി.ജെ.പി അധികാരത്തിലെത്തിയ സംസ്ഥാനമാണ് ഛത്തീസ്ഗഢ്. 90 ആണ് ആകെ സീറ്റ്. ബി.ജെ.പി: 50, കോണ്‍ഗ്രസ്: 39, മറ്റുള്ളവര്‍: 11. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഏറ്റവും ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന സംസ്ഥാനം കൂടിയാണ് ഛത്തീസ്ഗഢ്.

ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. 90 നിയമസഭാ സീറ്റുകളുള്ള സംസ്ഥാനത്ത് മാവോയിസ്റ്റ് സ്വാധീനമുള്ള 10 മണ്ഡലങ്ങളിലടക്കം 18 സീറ്റുകളിലേക്കാണ് ഒന്നാം ഘട്ടതെരഞ്ഞെടുപ്പ് നടന്നത്.

We use cookies to give you the best possible experience. Learn more