| Tuesday, 24th October 2023, 5:14 pm

ഇസ്രഈൽ, ഫലസ്തീൻ വിഷയത്തിൽ പക്ഷംപിടിച്ച് ചാറ്റ് ജി.പി.ടിയും അലെക്സയും; താൻ വെറുമൊരു ഭാഷ മോഡലെന്ന് ഗൂഗിൾ ബാർഡ്

ഷഹാന എം.ടി.

ന്യൂയോർക്ക്: ഇസ്രഈൽ – ഫലസ്തീൻ സംഘർഷത്തിൽ ഇസ്രഈലിന് വേണ്ടിയുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ അഭിപ്രായം പറയുമ്പോൾ ഫലസ്തീനെ കുറിച്ച് ആശയക്കുഴപ്പവുമായി നിർമിത ബുദ്ധി ഭാഷ മോഡൽ ചാറ്റ് ജി.പി.ടിയും വിർച്വൽ അസിസ്റ്റന്റ് അലെക്സയും.

ഒരു സ്വതന്ത്ര രാജ്യമായി നിലനിൽക്കാൻ ഫലസ്തീന് അർഹതയുണ്ടോ എന്ന ചോദ്യത്തിന് അത് സംവാദ വിഷയമാണെന്നും വ്യക്തിഹിതമാണെന്നും ചാറ്റ് ജി.പി.ടി മറുപടി നൽകുന്നു. ഫലസ്തീൻ അഭയാർത്ഥികളുടെ മടങ്ങി വരാനുള്ള അവകാശം ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നാണ് വലിയ വിശദീകരണത്തിനൊടുവിൽ ചാറ്റ് ജി.പി.ടി നൽകുന്ന മറുപടി.

അതേസമയം, ഇസ്രഈലിന്റെ രാഷ്ട്രമെന്ന പരമാധികാരം ലോകരാജ്യങ്ങൾ അംഗീകരിച്ചതാണെന്നും വംശഹത്യ അതിജീവിച്ചുവന്ന ജൂതന്മാരുടെ നാടായി ഇസ്രഈൽ രൂപീകരിച്ചത് അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും പറയുന്നു.

അതേസമയം ചില ഉപയോക്താക്കൾക്ക് ഇസ്രഈലിന്റെ അർഹതയെ കുറിച്ചുള്ള ചോദ്യത്തിന് അതേ എന്ന മറുപടി ലഭിച്ചപ്പോൾ ഫലസ്തീന്റെ കാര്യത്തിൽ അങ്ങനെയൊരു ഒറ്റ വാക്കിലുള്ള മറുപടി ലഭിച്ചിരുന്നില്ല എന്നും ആരോപണമുണ്ട്.

നിർമിത ബുദ്ധിയുടെ സഹായത്തോടെ വികസിപ്പിച്ച ആമസോണിന്റെ വിർച്വൽ അസിസ്റ്റന്റായ അലെക്സയോട് ഫലസ്തീനിൽ എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചപ്പോൾ കുട്ടികൾക്കായി ഇത്തരം വിഷയങ്ങൾ കേൾപ്പിക്കാൻ കഴിയില്ല എന്നാണ് മറുപടി ലഭിച്ചതെന്ന് ടിക്ടോകിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു ഉപയോക്താവ് രംഗത്ത് വന്നു.

അലെക്സയുടെ കുട്ടികൾക്കുള്ള പതിപ്പിൽ തന്നെ ഇസ്രഈലിൽ എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യത്തിന് അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് ഒക്ടോബർ 11ന് ഇസ്രഈലി സൈന്യത്തിന് നേരെ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതിനെ കുറിച്ചുള്ള വിശദീകരണം നൽകുന്നുണ്ട്.

ഫലസ്തീനിൽ എന്താണ് സംഭവിക്കുന്നത് എന്ന് ചാറ്റ് ജി.പി.ടിയോട് ചോദിക്കുമ്പോൾ സെപ്റ്റംബർ 21 വരെയുള്ള ഡാറ്റ മാത്രമേ തന്റെ കൈയിൽ ഉള്ളൂവെന്ന് പറയുന്ന ചാറ്റ് ജി.പി.ടി ഇസ്രഈലിനെ കുറിച്ച് ചോദിക്കുമ്പോൾ 2021 സെപ്റ്റംബർ വരെയുള്ള രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിവരങ്ങൾ വിശദീകരിക്കുന്നുണ്ട്. ഫലസ്തീനുമായുള്ള തർക്കവും ഗസയിൽ നിന്നുള്ള ആക്രമണവും ഉൾപ്പെടെയാണ് ചാറ്റ് ജി.പി.ടിയുടെ വിശദീകരണം.

അതേസമയം, ഗൂഗിളിന്റെ നിർമിത ബുദ്ധി ഭാഷ മോഡലായ ബാർഡിനോട് ഇസ്രഈലിലും ഫലസ്തീനിലും എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കുമ്പോൾ ഭാഷ മോഡൽ ആയ തന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങൾ പറയാൻ കഴിയില്ല എന്നാണ് വ്യക്തമാക്കുന്നത്.

Content Highlight: ChatGPT, Amazon Alexa take side in Israel-Palestine Conflict; Not capable to respond says Google Bard

ഷഹാന എം.ടി.

ഡൂൾന്യൂസ് സബ് എഡിറ്റർ ട്രെയ്നീ. കേരള സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.ജി. പൂർത്തിയാക്കി.

We use cookies to give you the best possible experience. Learn more