| Saturday, 13th June 2020, 8:41 am

വിദേശത്തുനിന്ന് വരുന്നവര്‍ കൊവിഡ് ഇല്ലെന്ന റിപ്പോര്‍ട്ട് കയ്യില്‍ കരുതണം, വേണ്ടത് 48 മണിക്കൂറിനുള്ളിലെ പരിശോധനാ ഫലം; കര്‍ശന നിബന്ധനകളുമായി കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന വ്യവസ്ഥ കര്‍ശനമാക്കാനൊരുങ്ങി കേരളം. യാത്ര നടത്തുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് വേണ്ടത്. ഈ വ്യവസ്ഥ ജൂണ്‍ 20 ഓടെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

വിദേശത്തുനിന്നും എത്തുന്നവരില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനം കര്‍ശന നിബന്ധനകളിലേക്ക് കടക്കുന്നത്. കൊവിഡുമായി എത്തുന്ന പ്രവാസികള്‍ മൂന്ന് ശതമാനമായെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. ഇത് കേരളത്തില്‍ രോഗവ്യാപനത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പരിശോധന കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ വിവിധ സംഘടനകള്‍ക്ക് അയച്ച നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

നിലവില്‍ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റും ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഇതിന് പുറമേ അംഗീകൃത ലാബുകളില്‍നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകം ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഇതില്‍ പരിശോധനാ ഫലം നെഗറ്റീവായിരിക്കണം.

ചില ഗള്‍ഫ് രാജ്യങ്ങളില്‍ ജനസംഖ്യയുടെ ആറു ശതമാനത്തിനുവരെ കൊവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേരളം കര്‍ശനകളിലേക്ക് നീങ്ങുന്നത്.

യു.എ.ഇ. ഒഴികെയുള്ള മിക്ക ഗള്‍ഫ് നാടുകളിലും ഇത്തരം സര്‍ട്ടിഫിക്കറ്റ് കിട്ടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് വിവരം. ബഹ്റൈന്‍ ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ രോഗലക്ഷണമുള്ളവരെ മാത്രമേ പരിശോധനയ്ക്ക് വിധേയരാക്കാറുള്ളു. ചില രാജ്യങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പരിശോധനയ്ക്കുള്ള സൗകര്യം പരിമിതമാണ്. 8,000 മുതല്‍ 10,000 രൂപ വരെയാണ് കൊവിഡ് പരിശോധനയ്ക്ക് വരുന്ന ചെലവ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more