ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തിയ വിജയ് ദേവരകൊണ്ട ചിത്രം ലൈഗര്‍ വലിയ നിരാശയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 3000 ത്തോളം തിയേറ്ററുകളിലായിരുന്നു സിനിമ റിലീസ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് ഇതുവരെ 50 കോടി രൂപ പോലും കടക്കാന്‍ സാധിച്ചിട്ടില്ല.
കരണ്‍ ജോഹര്‍ ചിത്രം പ്രൊഡ്യൂസ് ചെയ്തത് ചൂണ്ടിക്കാട്ടി തുടര്‍ന്ന് വലിയ ബോയ്‌കോട്ട് ക്യാമ്പെയ്‌നാണ് സോഷ്യല്‍ മീഡിയയില്‍ സിനിമക്കെതിരെ നടന്നത്. ചിത്രത്തിന്റെ മോശം പെര്‍ഫോമെന്‍സിനെതിരെ ഇത് ഭയാനകവും നിരാശാജനകവുമായ ഒരു അവസ്ഥയാണ് എന്നാണ് ചിത്രത്തിന്റെ സഹ നിര്‍മാതാവും നടിയുമായ ചാര്‍മി കൗര്‍ ഫ്രീ പ്രസ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
‘ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒറ്റ ക്ലിക്കില്‍ കണ്ടന്റ് വീട്ടിലിരുന്ന് തന്നെ ലഭിക്കുന്നുണ്ട്. വലിയ ബജറ്റില്‍ ഇറങ്ങുന്ന സിനിമകള്‍ പോലും ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകള്‍ക്കും വീട്ടിലിരുന്ന് ടെലിവിഷനില്‍ കാണാന്‍ സാധിക്കും. നിങ്ങള്‍ ജനങ്ങളെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നത് വരെ അവര്‍ തിയേറ്ററുകളിലേക്ക് എത്തുകയില്ല. എന്നാല്‍ ബോളിവുഡിലെ പ്രശ്നം അതല്ല. ഓഗസ്റ്റില്‍ മൂന്ന് തെലുങ്ക് സിനിമകളാണ് തിയേറ്ററുകളില്‍ എത്തിയത് – ബിംബിസാര, സീതാ രാമം, കാര്‍ത്തികേയ 2 – ഈ മൂന്ന് സിനിമകളും വമ്പന്‍ കളക്ഷനാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്,’ ചാര്‍മി കൗര്‍ പറഞ്ഞു.