അഡ്വാന്‍സ് വാങ്ങിയ ഒരാളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി തട്ടിക്കൂടിയുണ്ടാക്കിയ കഥയായിരുന്നു ചാര്‍ലിയെന്ന് കഥാകൃത്ത് ഉണ്ണി ആര്‍. അതാണ് പിന്നീട് ഡെവലപ് ചെയ്ത് സിനിമയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ട്രൂകോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ദുല്‍ഖറുമായി ഈ കഥ പങ്കുവെച്ചിരുന്നെങ്കിലും കുറേ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയാണ് വീണ്ടും ആ കഥയെന്തായെന്ന് ചോദിച്ച് സിനിമയാക്കാന്‍ ആവശ്യപ്പെട്ടതെന്നും ഉണ്ണി ആര്‍ പറയുന്നു.
‘ജോലി രാജിവെച്ച സമയത്ത് ഗൗതം മോനോന് വേണ്ടി ഒരു കഥയെഴുതാന്‍ മദ്രാസില്‍ പോയിരുന്നു. അത് നടന്നില്ല. അവിടെയിരിക്കുമ്പോഴാണ് ഞാന്‍ നേരത്തെ അഡ്വാന്‍സ് വാങ്ങിയ ഒരാള്‍ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുന്നത്. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാന്‍ കഥയായിട്ടുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ അത് പറയൂ എന്നായി അദ്ദേഹം. ഞാന്‍ സ്ഥലത്തില്ല, മദ്രാസിലാണ് നേരിട്ട് പറയാമെന്ന് അദ്ദേഹത്തോട് പറഞ്ഞു.
ഉടന്‍ അദ്ദേഹം മദ്രാസിലെവിടാണെന്നും അദ്ദേഹം ഇവിടെ അടുത്തുണ്ടെന്നും പറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ ഈ സമയത്ത് ഞാന്‍ വെറുതെയുണ്ടാക്കിയ കഥയാണ് ചാര്‍ലി. രക്ഷപ്പെടാന്‍ വേണ്ടിയുണ്ടാക്കിയ കഥയായിരുന്നു അത്. പക്ഷെ അദ്ദേഹവുമായി അത് നടന്നില്ല. പിന്നീട് ഞാന്‍ ഈ കഥ ദുല്‍ഖറിനെ വിളിച്ച് പറഞ്ഞു. ഇത് വളരെ ഹെവിയാണല്ലോ, കൊള്ളാമെന്നും ദുല്‍ഖര്‍ മറുപടി തന്നു.
പിന്നീട് മുന്നറിയിപ്പിന്റെ സമയത്ത് മമ്മൂക്കയാണ് എന്റെ അടുത്ത് താന്‍ ദുല്‍ഖറിനോട് ഒരു സിനിമയുടെ കഥ പറഞ്ഞില്ലായിരുന്നോ അതെന്തായി എന്ന് ചോദിച്ചത്. ഒന്നുമായില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങളുടെ കൂട്ടുകാരോട് ആരോടെങ്കിലും പറ, അവര്‍ ചെയ്യില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
ഞാന്‍ അങ്ങനെ അത് അമലിനോടോ അന്‍വറിനോടോ (അമല്‍ നീരദ്, അന്‍വര്‍ റഷീദ്) പറയാമെന്ന് കരുതി. അവിടെ അപ്പോള്‍ അപര്‍ണ ഇരിക്കുന്നുണ്ടായിരുന്നു. അപര്‍ണ ഫോണ്‍ ചെയത്‌കൊണ്ടിരിക്കുമ്പോള്‍ മാര്‍ട്ടിന്റെ അടുത്ത് ഇക്കാര്യം പറഞ്ഞു. അവര്‍ ഈ സമയത്ത് ദുല്‍ഖറുമായി ഒരു പടം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ചാര്‍ലി ചെയ്യുന്നത്,’ ഉണ്ണി ആര്‍ പറഞ്ഞു.
CONTENT HIGHLIGHTS: Charlie was the story of an escape from someone who bought an advance: Unni R