പ്രവാചകന്റെ കാര്‍ട്ടൂണുമായി പാരീസ് മാഗസിന്റെ പുതിയ ലക്കം
Daily News
പ്രവാചകന്റെ കാര്‍ട്ടൂണുമായി പാരീസ് മാഗസിന്റെ പുതിയ ലക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th January 2015, 9:56 am

പാരീസ് മാഗസിനായ “ചാര്‍ലി ഹെബ്ദോ”യുടെ പുതിയ പതിപ്പിലും പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍. പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂര്‍ പ്രസിദ്ധീകരിച്ചതിന് മാഗസിന്‍ ആക്രമിക്കപ്പെടുകയും 12 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ആക്രമണത്തിന് ശേഷമുള്ള ആദ്യ പതിപ്പിന്റെ കവറിലാണ് പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ പതിപ്പിന്റെ ഒരു മില്യണ്‍ കോപ്പിയാണ് മാഗസിന്‍ പ്രിന്റ് ചെയ്തിട്ടുള്ളത്. വ്യത്യസ്ത ഭാഷകളിലും മാഗസിന്‍ പ്രിന്റ് ചെയ്തിട്ടുണ്.

“ലിബറേഷന്‍” എന്ന പത്ര സ്ഥാപനത്തില്‍ വെച്ചാണ് മാഗസിന്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. മാഗസിന്റെ കവര്‍ തിങ്കളാഴ്ച രാത്രി “ലിബറേഷന്‍” ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തലയില്‍ വെള്ള തലക്കെട്ട് ധരിച്ചാണ് മാഗസിന്‍ പ്രവാചകനെ അവതരിപ്പിച്ചിരിക്കുന്നത്.

“ഞാന്‍ ചാര്‍ലി” എന്ന ബോര്‍ഡാണ് പ്രവാചകന്റെ കൈയിലുള്ളത്. “എല്ലാം ക്ഷമിക്കുന്നു” എന്ന തലക്കെട്ടിലാണ് ബോര്‍ഡ്. പ്രവാചകനെ പരിഹസിച്ചത് അദ്ദേഹം ക്ഷമിച്ചു എന്നാണ് മാഗസിന്‍ ഈ കാര്‍ട്ടൂണിലൂടെ പറയുന്നതെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്.

പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചായിരിക്കും മാഗസിന്റെ അടുത്ത ലക്കം എന്ന് “ചാര്‍ലി ഹെബ്ദോ”യുടെ അഭിഭാഷകന്‍ റിച്ചാര്‍ഡ് മാല്‍ക്ക തിങ്കളാഴ്ച രാവിലെ ഒരു ഫ്രഞ്ച് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.