ഇസ്‌ലാം തീവ്രവാദത്തിനെതിരെ ലേഖനമെഴുതിയ മാധ്യമ പ്രവര്‍ത്തകക്ക് സസ്‌പെന്‍ഷന്‍: ഷാര്‍ലി ഹെബ്ദോ നടപടി കാപട്യമെന്ന് ആരോപണം
Daily News
ഇസ്‌ലാം തീവ്രവാദത്തിനെതിരെ ലേഖനമെഴുതിയ മാധ്യമ പ്രവര്‍ത്തകക്ക് സസ്‌പെന്‍ഷന്‍: ഷാര്‍ലി ഹെബ്ദോ നടപടി കാപട്യമെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th May 2015, 9:44 pm

charlie-hebdoപാരീസ് മാഗസിന്‍ ഷാര്‍ലി ഹെബ്ദോ കാപട്യമെന്ന് ആരോപണം. ഇസ്‌ലാമിക് തീവ്രവാദത്തിനെതിരെ ലേഖനമെഴുതിയതിനെത്തുടര്‍ന്ന് വധഭീഷണി വന്ന മാധ്യമ പ്രവര്‍ത്തകയെ ഷാര്‍ലി ഹെബ്ദോ പുറത്താക്കിയിരുന്നു. ഇതെത്തുടര്‍ന്നാണ് ആരോപണം വന്നിരിക്കുന്നത്. സിനേബ് ഇല്‍ ഖസൗറി എന്ന 33 കാരിയെയാണ് സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയത്.

ഫ്രഞ്ച് മാഗസിനിലെ നിരവധി സംഭവങ്ങളെത്തുടര്‍ന്ന് അവരുടെ ചുമതലകള്‍ ഓര്‍മിപ്പിക്കാന്‍ ഒരു പ്രാഥമിക നടപടി എന്ന നിലയ്ക്കാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദി ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതിന് നാല് മാസത്തിന് ശേഷം മാഗസിനിന്റെ ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചതിന് മാഗസിന്‍ ഉടമകള്‍ തന്നെ ശിക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഖസൗരി പറയുന്നത്.

“ജനുവരിയില്‍ നടന്ന ആക്രമണത്തിന് ശേഷം മാഗസിനിന് ധാരാളം പിന്തുണ ലഭിച്ചു. എന്നിട്ടും ഭീഷണി നേരിടുകയും സംഘത്തിലെ എല്ലാവരെയും പോലെ സമ്മര്‍ദ്ദമനുഭവിക്കുകയും ചെയ്യുന്ന ഇവിടുത്തെ ഒരു ജീവനക്കാരിക്ക് ചെറിയ പിന്തുണപോലും നല്‍കാത്തത് എനിക്ക് ഭയവും ആഘാതവുമാണ് ഉണ്ടാക്കിയത്.” അവര്‍ പറഞ്ഞു.

“തന്റെ ഭര്‍ത്താവിന്റെ ജോലി സ്ഥലം തീവ്രവാദികള്‍ക്ക് മനസിലായത് കാരണം അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. എനിക്ക് ഭീഷണിയുള്ളത്‌കൊണ്ട് സുഹൃത്തുക്കളുടെ വീട്ടിലും ഹോട്ടലിലുമായാണ് ഞാന്‍ താമസിക്കുന്നത്. മാനേജ്‌മെന്റ് എന്റെ പുറത്താക്കാന്‍ ശ്രമിക്കുകയാണ്.” അവര്‍ വ്യക്തമാക്കി. ഇവരെ പുറത്താക്കുന്നതിനുള്ള തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്.