നഗ്നരായി ഓടുന്ന മുസ്‌ലിം യുവാവും യുവതിയും; വിവാദ കാര്‍ട്ടൂണുമായി വീണ്ടും ഷാര്‍ലി ഹെബ്ദോ
Daily News
നഗ്നരായി ഓടുന്ന മുസ്‌ലിം യുവാവും യുവതിയും; വിവാദ കാര്‍ട്ടൂണുമായി വീണ്ടും ഷാര്‍ലി ഹെബ്ദോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th August 2016, 8:00 pm

charlr hebdo
പാരീസ്: വിവാദ കാര്‍ട്ടൂണുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോ വീണ്ടും വിവാദത്തില്‍. മുസ്‌ലിം സമൂഹത്തെ കളിയാക്കുന്ന കാര്‍ട്ടൂണുമായാണ് മാസിക ഇപ്പോള്‍ രംഗത്തെത്തിയത്. മുസ്‌ലിം യുവാവിനെയും യുവതിയെയും നഗ്നരായി ചിത്രീകരിച്ച കാര്‍ട്ടൂണാണ് മാസിക പ്രസിദ്ധീകരിച്ചത്.

കാന്‍സില്‍ ബീച്ചുകളില്‍ ബുര്‍ഖയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ കളിയാക്കിയാണ് മാസിക വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. താടി നീട്ടി വളര്‍ത്തിയ പുരുഷനും ഹിജാബ് ധരിച്ച സ്ത്രീയും നഗ്നരായി ബീച്ചിലേക്ക് ഓടുന്നതാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഇസ്‌ലാമിലെ നിയമങ്ങളില്‍ അയവുവരുത്തുക, ഇസ്‌ലാമിനെ പരിഷ്‌കരിക്കുക എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍. ബുധനാഴ്ച ഈ പതിപ്പ് പുറത്തിറക്കിയതിന് പിന്നാലെ മാസികയിലെ ജീവനക്കാര്‍ക്ക് നേരെ ഭീഷണിയും ഉയര്‍ന്നു.

മാസികയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഭീഷണി സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന ഫ്രാന്‍സിലെ ഫ്രഞ്ച് റിവിയേറ റിസോര്‍ട്ടിലെ ബീച്ചുകളിലും ബുര്‍ഖധരിച്ച് പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നത്.

മേയര്‍ ഡേവിഡ് ലിസ്‌നാര്‍ഡിന്റേതാണ് ഉത്തരവ്. ബിക്കിനി ധരിക്കാതെ പ്രത്യേകതരം ബുര്‍ഖ ധരിച്ചാണ് മുസ്‌ലിം സ്ത്രീകള്‍ ബീച്ചിലെത്തിയിരുന്നത്. ഇത് നിരോധിച്ചാണ് മേയറുടെ ഉത്തരവ്.

നേരത്തെ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചും ഷാര്‍ളി ഹെബ്ദോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ മാസികയുടെ ഓഫീസിന് നേരെ ആക്രമണവും ഉണ്ടായി. പലായനത്തിനിടെ മുങ്ങിമരിച്ച അയ്‌ലന്‍ കുര്‍ദ്ദിയെന്ന ബാലനെ കളിയാക്കിയും ഹെബ്ദോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.