പാരീസ്: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള കാര്‍ട്ടൂണിന്റെ പേരില്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ പ്രതിഷേധം നടക്കവെ വിവാദങ്ങളെ വകവെക്കാതെ ഷാര്‍ലെ ഹെബ്ദോ വീക്ക്‌ലി. ഫ്രാന്‍സിനെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാനാണ് വീക്ക്‌ലിയിലെ അടുത്ത കാര്‍ട്ടൂണ്‍ കഥാപാത്രമായത്. വെളുത്ത ടീ ഷര്‍ട്ടും അടിവസ്ത്രവും ധരിച്ച എര്‍ദൊഗാന്‍ ഹിജാബ് ധരിച്ച ഒരു സ്ത്രീയുടെ വസ്ത്രം ഉയര്‍ത്തി നോക്കുന്നതാണ് കാര്‍ട്ടൂണ്‍.
കാര്‍ട്ടൂണ്‍ വലിയ പ്രകോപനമാണ് തുര്‍ക്കി സര്‍ക്കാരിനുണ്ടാക്കിയത്. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രതിനിധിയെ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്. ഷാര്‍ലെ ഹെബ്ദോ വിദേഷപരമാണെന്നാണ് തുര്‍ക്കി അധികൃതര്‍ ഇദ്ദേഹത്തോട് പ്രതികരിച്ചത്. വീക്കിലിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തുര്‍ക്കി അധികൃതര്‍ പറഞ്ഞു.
ഫ്രാന്‍സ്- തുര്‍ക്കി തര്‍ക്കം കൂടുതല്‍ രൂക്ഷമാവുകയാണ് എന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. നേരത്തെ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെയുള്ള പരാമര്‍ശങ്ങളുടെ പേരില്‍ തുര്‍ക്കിയിലെ ഫ്രഞ്ച് പ്രതിനിധിയെ ഫ്രാന്‍സ് തിരിച്ചു വിളിച്ചിരുന്നു.
ഇമ്മാനുവേല്‍ മാക്രോണിന്റെ മനോനില പരിശോധിക്കണമെന്നാണ് എര്‍ദൊഗാന്‍ ശനിയാഴ്ച അഭിപ്രായപ്പെട്ടത്.
‘ഒരു രാജ്യത്തെ വ്യത്യസ്ത മതവിഭാഗക്കാരെ ഈ തരത്തില്‍ പരിഗണിക്കുന്ന ഒരു അധികാരിയെക്കുറിച്ച് എന്താണ് പറയുക, ആദ്യം അദ്ദേഹത്തിന്റെ മനോനില പരിശോധിക്കണം,’ എര്‍ദൊഗാന്‍ പറഞ്ഞു.
ഇതിനു ശേഷം ഫ്രാന്‍സിനെതിരെ നിരോധനാഹ്വാനവും എര്‍ദൊഗാന്‍ നടത്തിയിരുന്നു. ചരിത്രാധ്യാപകന്‍ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാന്‍സില്‍ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നെന്ന് ആരോപിച്ചാണ് എര്‍ദൊഗാന്റെ ആഹ്വാനം.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജൂതര്‍ക്കെതിരെ നടന്ന വിദ്വേഷ ക്യാമ്പയിനു സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്നതെന്നും എര്‍ദൊഗാന്‍ അങ്കാരയില്‍ നടന്ന ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ