ന്യൂസിലാന്‍ഡിനെ അടിച്ചുതകര്‍ത്ത് നേടിയത് ചരിത്രനേട്ടം; തകര്‍ച്ചയില്‍ രക്ഷകരായവര്‍ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍!
Cricket
ന്യൂസിലാന്‍ഡിനെ അടിച്ചുതകര്‍ത്ത് നേടിയത് ചരിത്രനേട്ടം; തകര്‍ച്ചയില്‍ രക്ഷകരായവര്‍ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st April 2024, 1:59 pm

ന്യൂസിലാന്‍ഡ് വുമണ്‍സും-ഇംഗ്ലണ്ട് വുമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. കിവീസിനെ നാല് വിക്കറ്റുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.

ബേസിന്‍ റിസര്‍വ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 48.2 ഓവറില്‍ 207 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ ലോറല്‍ ബെല്‍, ചാര്‍ലി ഡീന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും കേറ്റ് ക്രോസ് രണ്ട് വിക്കറ്റും വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോള്‍ കിവിസ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

കിവീസ് ബാറ്റിങ്ങില്‍ 74 പന്തില്‍ 50 റണ്‍സ് നേടിയ സൂസി ബേറ്റ്‌സാണ് ടോപ് സ്‌കോറര്‍. ആറ് ഫോറുകളാണ് സൂസിയുടെ ബാറ്റില്‍ നിന്നും പിറന്നത്. 62 പന്തില്‍ 35 റണ്‍സ് നേടി ബെര്‍ണഡിന്‍ ബെസുയിഡന്‍ഹൗട്ട് മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ  ഇംഗ്ലണ്ട് 41.2 ഓവറില്‍ നാലു വിക്കറ്റുകള്‍ ബാക്കിനില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ് തുടക്കത്തില്‍ തന്നെ തകര്‍ന്നടിയുകയായിരുന്നു. 17 ഓവറില്‍ 79 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

കിവീസ് നിരയില്‍ ക്യാപ്റ്റന്‍ അമേലിയ കെര്‍, ജെസ് കെര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതി ഇംഗ്ലീഷ് പടയെ ആദ്യം തന്നെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ പടുകൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പ് ആണ് വിക്കറ്റ് കീപ്പര്‍ ആമി ജോണ്‍സും ചാര്‍ളിയും ചേര്‍ന്ന് ഇംഗ്ലണ്ടിനായി കെട്ടിപ്പടുത്തുയര്‍ത്തിയത്.

ആമി ജോണ്‍സ് 10 ഫോറുകള്‍ പായിച്ചുകൊണ്ട് മൂന്നുപന്തില്‍ 92 റണ്‍സും ചാര്‍ളി 20 പന്തില്‍ 42 റണ്‍സും നേടിയാണ് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. 130 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ന്യൂസിലാന്‍ഡിനെതിരെ നേടിയത്. ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടം സ്വന്തമാക്കാനും ഇരു താരങ്ങള്‍ക്കും സാധിച്ചു. വുമണ്‍സ് ഏകദിനത്തില്‍ ഏഴാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്ന തകര്‍പ്പന്‍ നേട്ടമാണ് ഇംഗ്ലണ്ട് താരങ്ങള്‍ സ്വന്തമാക്കിയത്.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നില്‍ എത്താനും ഇംഗ്ലണ്ടിന് സാധിച്ചു. ഏപ്രില്‍ നാലിനാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുക. സെഡന്‍ പാര്‍ക്കാണ് വേദി.

Content Highlight: Charlie Dean and Amy Jones create a new record in Women’s odi