ജനാധിപത്യത്തിന്റെ നാമത്തില്‍ നമുക്കാ ശക്തി ഉപയോഗിക്കാം നമുക്കെല്ലാവര്‍ക്കും ഐക്യപ്പെടാം. നമ്മള്‍ക്ക് ഒരു പുതിയ ലോകത്തിനായി പോരാടാം, തൊഴിലെടുക്കാന്‍ അവസരമുള്ള, നിങ്ങള്‍ക്ക് ഭാവിയും ആയുസ്സും സംരക്ഷണയും നല്‍കുന്ന അന്തസ്സുള്ള ഒരു ലോകത്തിനായി.
ചാര്‍ലി ചാപ്ലിന്റെ ലോകപ്രശസ്തമായ ഹാസ്യചിത്രമാണ് “ദി ഗ്രേറ്റ് ഡിക്ടേറ്റര്‍”. അദ്ദേഹം തന്നെയാണ് സംവിധാനം നിര്‍വ്വഹിച്ചതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതും. 1940 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഈ ചിത്രം ചാപ്ലിന്റെ സത്യം വിളിച്ചു പറയുന്ന ആദ്യ സിനിമ കൂടിയാണ്.
[]1940 കളില്‍ നാസിസത്തെയും ഏകാധിപതികളെയും വിമര്‍ശിച്ചു കൊണ്ടിറങ്ങിയ പ്രധാനപ്പെട്ട സിനിമ കൂടിയാണ് “ദി ഗ്രേറ്റ് ഡിക്ടേറ്റര്‍”. ചിത്രം റിലീസ് ചെയ്ത കാലഘട്ടത്തില്‍ ##നാസി ജര്‍മ്മനിയുമായി നയതന്ത്ര തലത്തില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്ന ##അമേരിക്ക ചാപ്ലിനെതിരെ കടുത്ത നിലപാടെടുത്തിരുന്നു.[]
ചിത്രത്തില്‍ ചാപ്ലിന്‍ രണ്ട് വ്യത്യസ്ത വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ഒന്ന് ജൂതനായ മുടിവെട്ടുകാരനായും രണ്ടാമതായി അതേ ഛായയുള്ള ഏകാധിപതിയായും. ചിത്രത്തിന്റെ അവസാന ഭാഗമാകുമ്പോള്‍ ഏകാധിപതിയെ മാറ്റി അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ള മുടിവെട്ടുകാരനായ ജൂതനെ ആ സ്ഥാനത്തിരുത്തുകയാണ്.
തലസ്ഥാന നഗരിയിലേക്ക് കൊണ്ടുപോയ മുടിവെട്ടുകാരനായ ഏകാധിപതി പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവസരം ലഭിച്ച അദ്ദേഹം സൈനികരോടായി നടത്തുന്ന പ്രസംഗമാണ് ഇവിടെ.
പുതിയ കാലഘട്ടത്തിലും അങ്ങേയറ്റം പ്രാധാന്യമുണ്ട് ചാപ്ലിന്റെ 73 വര്‍ഷം പഴക്കമുള്ള ഈ പ്രസംഗം. 1950 കളില്‍ അമേരിക്കന്‍ നയങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചതിന് രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഇതിന് സമാനമായ പ്രസംഗമാണ് ചാപ്ലിന്‍ നടത്തിയത്.
കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം പ്രഖ്യാപിച്ച സമരത്തിനെ നേരിടാന്‍ പട്ടാളത്തെ വിളിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണകൂടം. ഇത്തരമൊരവസരത്തില്‍ കേരളത്തിലെ രാഷ്ട്രീയധാര ഈ പ്രസംഗം ചര്‍ച്ച ചെയ്യുമെന്ന് വിശ്വസിക്കുന്നു.
പ്രസംഗത്തിന്റെ വീഡിയോയും ഇതോടൊപ്പം കൊടുത്തിട്ടുണ്ട്. പ്രസംഗത്തിന്റെ സത്തയൊന്നും ചോരാതെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രീ സ്വാതി ജോര്‍ജ്ജാണ്.
പരിഭാഷ / സ്വാതി ജോര്‍ജ്ജ്
“എന്റെ വിശ്വാസം… ക്ഷമിക്കുക, പക്ഷേ എനിക്ക് ചക്രവര്‍ത്തിയാകേണ്ട, അതെന്റെ ആവശ്യമല്ല, എനിക്കാരെയും കീഴടക്കുകയോ ഭരിക്കുകയോ ചെയ്യേണ്ട.
കഴിയുമെങ്കില്‍ ജൂതനെ, അവിശ്വാസിയെ, കറുത്തവനെ, വെളുത്തവനെ എല്ലാവരെയും സഹായിക്കാനാണു എനിക്കിഷ്ടം. നമുക്കെല്ലാം പരസ്പരം സഹായിക്കേണ്ടതുണ്ട്, മനുഷ്യര്‍ അങ്ങനെയാണു.
നമുക്കെല്ലാവര്‍ക്കും മറ്റുള്ളവരുടെ സന്തോഷത്തിലാണു ജീവിക്കാനിഷ്ടം, മറ്റുള്ളവന്റെ ദുരിതത്തിലല്ല. നമുക്കാര്‍ക്കും പരസ്പരം വിരോധിക്കുകയോ വെറുക്കുകയോ വേണ്ട. എല്ലാവര്‍ക്കുമായുള്ള ഇടമുണ്ട് ഈ ലോകത്ത്, എല്ലാവര്‍ക്കും നല്‍കാന്‍ മാത്രം സമ്പന്നമാണു ഈ ഭൂമി.
സ്വതന്ത്രവും മനോഹരവുമായിരിക്കാന്‍ കഴിയുന്നതാണു ജീവിതത്തിന്റെ വഴികള്‍. പക്ഷേ നമുക്ക് ആ വഴികള്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ദുരാഗ്രഹം വിഷമയമാക്കിയിരിക്കുന്ന മനുഷ്യരുടെ ആത്മാക്കളെ, വിദ്വേഷം കൊണ്ട് ഈ ലോകത്തെ കോട്ട കെട്ടി തിരിച്ചിരിക്കുന്നു; ദുരിതത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും നമ്മെ അണി നടത്തിയിരിക്കുന്നു.
നമ്മള്‍ വേഗത വികസിപ്പിച്ചെടുത്തു, എന്നാല്‍ നമ്മെത്തന്നെ അതിനുള്ളില്‍ അടച്ചിട്ടിരിക്കുന്നു. സമൃദ്ധി പ്രദാനം ചെയ്യുന്ന യന്ത്രങ്ങള്‍ നമ്മെ ഇല്ലായ്മയിലേക്കും ആഗ്രഹങ്ങളിലേക്കും നഷ്ടപ്പെടുത്തിയിരിക്കുന്നു.
നമ്മുടെ അറിവുകള്‍ കടുപ്പമേറിയതും, കരുണയില്ലാത്തതുമായ നമ്മുടെ കൗശലം, നമ്മെ ദോഷൈക ദൃക്കുകളാക്കിയിരിക്കുന്നു. നമ്മള്‍ ഒരുപാട് ചിന്തിക്കുന്നു, വളരെക്കുറച്ച് മാത്രം തൊട്ടറിയുന്നു.
യന്ത്രങ്ങളെക്കാള്‍ കൂടുതലായി നമുക്ക് വേണ്ടത് മനുഷ്യത്വമാണ്. കൗശലത്തേക്കാള്‍ കൂടുതലായി നമുക്ക് വേണ്ടത് കരുണയും ശാന്തതയുമാണ്. ഈ ഗുണങ്ങളില്ലായെങ്കില്‍ ജീവിതം ഹിംസാത്മകമാകും, സര്‍വ്വതും നഷ്ടപ്പെടും.
വിമാനങ്ങളും റേഡിയോയും നമ്മെ ഒത്തൊരുമിപ്പിച്ചിരിക്കുന്നു. ഈ കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാന സ്വഭാവം തന്നെ മനുഷ്യന്റെയുള്ളിലെ നന്മയാണു ആവശ്യപ്പെടുന്നത്, നമ്മുടെയെല്ലാം ഒരുമയും സാര്‍വ്വലൗകികമായ സാഹോദര്യവുമാണു ആവശ്യപ്പെട്ട് നിലവിളിക്കുന്നത്.
ഇപ്പോള്‍ പോലും എന്റെ ശബ്ദം ലോകമെമ്പാടുമുള്ള ലക്ഷങ്ങളിലേക്കെത്തുന്നുണ്ട്, ലക്ഷക്കണക്കിനു ഹതാശരായ മനുഷ്യരിലേക്ക്, സ്ത്രീകളിലേക്കും കുട്ടികളിലേക്കും, മനുഷ്യനെ ദണ്ഡിക്കുന്ന, നിരപരാധികളെ തടവിലിടുന്ന, ഈ വ്യവസ്ഥിതിയുടെ ബലിയാടുകളിലേക്ക്.
എന്നെ കേള്‍ക്കാന്‍ കഴിയുന്ന എല്ലാവരോടും ഞാന്‍ പറയുന്നു, “ആശ കൈവിടാതിരിക്കുക”
നമ്മള്‍ അനുഭവിക്കുന്ന ഈ ദുരിതങ്ങള്‍ അത്യാഗ്രഹത്തിന്റെ കൈമാറ്റത്താലാണ്, മനുഷ്യപുരോഗതിയുടെ വഴികളെ ഭയപ്പെടുന്ന ചിലരുടെ വിദ്വേഷം കൊണ്ട്. മനുഷ്യന്റെ ക്രോധം നഷ്ടപ്പെടുകയും ഏകാധിപതികള്‍ മരണപ്പെടുകയും ചെയ്യും. ജനങ്ങളില്‍ നിന്ന് അവര്‍ കവര്‍ന്നെടുത്ത അധികാരം ജനങ്ങളിലേക്ക് തിരിച്ച് ചെല്ലും. മനുഷ്യന്‍ മരണപ്പെടുന്ന കാലത്തോളം സ്വാതന്ത്ര്യം നശിച്ചു പോകുകയില്ല…
സൈനികരേ ഈ മൃഗതുല്യര്‍ക്ക് നിങ്ങളെ സ്വയം ഏല്‍പ്പിച്ചു കൊടുക്കാതിരിക്കുക. നിങ്ങളെ വെറുക്കുന്നവര്‍ക്ക്, നിങ്ങളെ അടിമകളാക്കിയിരിക്കുന്നവര്‍ക്ക് നിങ്ങളുടെ ജീവിതങ്ങളെ പട്ടാളച്ചിട്ട അണിയിക്കുന്ന, എന്ത് ചെയ്യണമെന്ന്, എന്ത് ചിന്തിക്കണം എന്തൊക്കെ അനുഭവിച്ചറിയണം എന്ന് കല്‍പ്പിക്കുന്ന, മുറകള്‍ ശീലിപ്പിക്കുന്ന, പഥ്യങ്ങള്‍ തീരുമാനിക്കുന്ന, കന്നുകാലികളെപ്പോലെ, പീരങ്കിയുണ്ടകളുടെ ഇരകളായി നിങ്ങളെ ഉപയോഗിക്കുന്നവര്‍ക്ക് നിങ്ങളെ ഏല്‍പ്പിച്ചുകൊടുക്കാതിരിക്കുക.
നിങ്ങളെ സ്വയം ഏല്‍പ്പിച്ചുകൊടുക്കാതിരിക്കുക, ഈ നാട്യക്കാരായ മനുഷ്യര്‍ക്ക്. യാന്ത്രികമായ മനസ്സും ഹൃദയവുമുള്ള ഈ യന്ത്രമനുഷ്യര്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാതിരിക്കുക. നിങ്ങള്‍ യന്ത്രങ്ങളല്ല. നിങ്ങള്‍ കന്നുകാലികളല്ല. നിങ്ങള്‍ മനുഷ്യരാണു.
മനുഷ്യരാശിയോടുള്ള സ്‌നേഹം നിങ്ങളുടെ ഹൃദയങ്ങളിലുണ്ട്. നിങ്ങള്‍ക്ക് പകയില്ല സ്‌നേഹിക്കപ്പെടാത്തവര്‍ മാത്രമാണു പക വയ്ക്കുന്നത്. സൈനികരേ അടിമത്തത്തിനു വേണ്ടി പൊരുതാതിരിക്കുക, സ്വാതന്ത്ര്യത്തിനായി പോരാടുക.
വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനേഴാം അദ്ധ്യായത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു “ദൈവരാജ്യം മനുഷ്യന്റെ ഉള്ളിലാണു” ഒരു മനുഷ്യനിലല്ല, ഒരു കൂട്ടം മനുഷ്യരിലുമല്ല എല്ലാ മനുഷ്യരിലും. നിങ്ങളില്‍, ജനങ്ങളില്‍.
നിങ്ങള്‍ ജനങ്ങള്‍ക്ക് ശക്തിയുണ്ട്, യന്ത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ശക്തി, ആനന്ദം സൃഷ്ടിക്കുവാനുള്ള ശക്തി, ജീവിതം സ്വതന്ത്രവും സുന്ദരവുമാക്കിത്തീര്‍ക്കുവാനുള്ള ശക്തി. ജീവിതം വിസ്മയകരമായ ഒരു സാഹസികാനുഭവമാക്കുവാനുള്ള ശക്തി.
അങ്ങനെയെന്നാല്‍ ജനാധിപത്യത്തിന്റെ നാമത്തില്‍ നമുക്കാ ശക്തി ഉപയോഗിക്കാം നമുക്കെല്ലാവര്‍ക്കും ഐക്യപ്പെടാം. നമ്മള്‍ക്ക് ഒരു പുതിയ ലോകത്തിനായി പോരാടാം, തൊഴിലെടുക്കാന്‍ അവസരമുള്ള, നിങ്ങള്‍ക്ക് ഭാവിയും ആയുസ്സും സംരക്ഷണയും നല്‍കുന്ന അന്തസ്സുള്ള ഒരു ലോകത്തിനായി.
ഇതേ കാര്യങ്ങള്‍ വാഗ്ദാനം ചെയ്താണു അതിക്രൂരന്മാര്‍ അധികാരത്തിലേറിയിരിക്കുന്നത്. എന്നാല്‍ അവര്‍ കളവ് പറയുകയാണു. അവര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല, അവര്‍ അത് പാലിക്കുകയുമില്ല.
ഏകാധിപതികള്‍ സ്വയം സ്വതന്ത്രരാക്കും. എന്നാല്‍ അവര്‍ ജനങ്ങളെ അടിമത്തത്തിലേക്ക് തള്ളിവിടും. ഇനി നമുക്ക് ആ വാഗ്ദാനങ്ങള്‍ നിറവേറാനായി പോരാടാം.
നമുക്ക് ലോകത്തെ സ്വതന്ത്രമാക്കാനായി പോരാടാം, രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തകര്‍ത്തെറിയാനായ്, ദുരയും വെറുപ്പും അസഹിഷ്ണുതയും തകര്‍ത്തെറിയാനായി പോരാടാം. വിവേകമുള്ള ഒരു ലോകത്തിനായി, ശാസ്ത്രവും പുരോഗതിയും മനുഷ്യന്റെ സന്തുഷ്ടിക്കായുള്ളതാകുന്ന ഒരു ലോകത്തിനായി പോരാടാം.
സൈനികരേ- ജനാധിപത്യത്തിന്റെ പേരില്‍, നമുക്കെല്ലാം ഐക്യപ്പെടാം!”