കാബൂള്‍: ഭക്ഷ്യക്ഷാമം രാജ്യത്ത് രൂക്ഷമായി തുടരവെ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചാരിറ്റി ബേക്കറികള്‍ പ്രവര്‍ത്തനമാരംഭിച്ചു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ബേക്കറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അരിയാന ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാന്‍ ചാരിറ്റി ഓര്‍ഗനൈസേഷനായ ഹസാര ഫൗണ്ടേഷന്‍ കാബൂളിലെ രണ്ട് ബേക്കറികള്‍ വഴി പ്രതിസന്ധി നേരിടുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഈയാഴ്ച ഭക്ഷണമെത്തിച്ചതായാണ് റിപ്പോര്‍ട്ട്. കാബൂളിന്റെ പടിഞ്ഞാറന്‍ ഭാഗത്തായി രണ്ട് ‘തബാസം ചാരിറ്റി ബേക്കറി’കള്‍ തുറന്നാണ് ഫൗണ്ടേഷന്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നത്.
ദിവസേന ഏകദേശം 300ഓളം കുടുംബങ്ങള്‍ക്കാണ് ബേക്കറികള്‍ വഴി ഭക്ഷണമെത്തിക്കുന്നത്.
”ആളുകള്‍ക്ക് സഹായം എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്,” തബാസം ചാരിറ്റി ബേക്കറിയില്‍ അംഗമായ മുഹമ്മദ് ഷരിഫ് തബിഷ് പ്രതികരിച്ചു.
രണ്ട് ബേക്കറികള്‍ വെച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെങ്കില്‍ കൂടുതല്‍ എണ്ണം കൂട്ടുമെന്നും ഇതിന്റെ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
രാജ്യത്തെ 3.9 കോടിയോളം വരുന്ന ജനങ്ങളില്‍ 23 മില്യണ്‍ ജനങ്ങളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നും ഇവര്‍ക്ക് ഭക്ഷണമെത്തിക്കണമെന്നുണ്ടെങ്കില്‍ 2.6 ബില്യണ്‍ യു.എസ് ഡോളര്‍ പണമെങ്കിലും ആവശ്യമായി വരുമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം പറഞ്ഞിരുന്നു.
നേരത്തെ ഭക്ഷ്യക്ഷാമം രൂക്ഷമായത് കാരണം അഫ്ഗാനില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായി വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ റൈറ്റ്സ് ആന്‍ഡ് സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങള്‍.
2022 മാര്‍ച്ച് വരെ ഭക്ഷ്യ പ്രതിസന്ധി നീളുമെന്നും വിവിധ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സഹായം അഫ്ഗാന് അടിയന്തരമായി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കൊവിഡ് മഹാമാരി, വരള്‍ച്ച, രാജ്യത്തുണ്ടായ ആഭ്യന്തര പ്രശ്നങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവയാണ് നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായി പറയുന്നത്. പുതിയ താലിബാന്‍ സര്‍ക്കാരിന് രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ട ഫണ്ട് കണ്ടെത്താന്‍ സാധിക്കാത്തതും പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
അഫ്ഗാനിസ്ഥാന്‍ ഭക്ഷണകാര്യത്തില്‍ നേരിടുന്നത് വലിയ ഭീഷണിയാണെന്നും തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്ത് കുട്ടികളടക്കം ലക്ഷക്കണക്കിന് പേര്‍ പട്ടിണി കിടന്ന് മരിക്കുമെന്നും നേരത്തെ ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനിടെ അഫ്ഗാനിസ്ഥാന്റെ തടഞ്ഞുവെച്ച സ്വത്തുക്കള്‍ റിലീസ് ചെയ്യണമെന്നാശ്യപ്പെട്ട് അമേരിക്കന്‍ എംബസിക്ക് മുന്നില്‍ ജനങ്ങള്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.
‘ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കൂ’, ‘തടഞ്ഞുവെച്ചിരിക്കുന്ന ഞങ്ങളുടെ പണം ഞങ്ങള്‍ക്ക് തിരികെ തരൂ’ എന്നിങ്ങനെയുള്ള ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
ഓഗസ്റ്റില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാന് ലഭിച്ചുകൊണ്ടിരുന്ന അന്താരാഷ്ട്ര ഫണ്ടുകളെല്ലാം നിര്‍ത്തലാക്കിയിരുന്നു. വിദേശരാജ്യങ്ങളില്‍, പ്രധാനമായും അമേരിക്കയിലുള്ള അഫ്ഗാന്റെ ബില്യണുകള്‍ വിലമതിക്കുന്ന സ്വത്തുക്കളും ഫ്രീസ് ചെയ്തിരുന്നു.