| Monday, 10th September 2012, 3:48 pm

ടി.പി വധശ്രമം: കുറ്റപത്രം സമര്‍പ്പിച്ചു, സി.എച്ച് അശോകന്‍ ഒന്നാം പ്രതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: 2009 ല്‍ ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും വാഹനത്തില്‍ പിന്തുടര്‍ന്ന് വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകനാണ് കേസില്‍ ഒന്നാം പ്രതി. []

ആകെ 15 പ്രതികളാണ് കേസില്‍ ഉള്ളത്. സി.പി.ഐ.എം ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫീസിലാണ് ടി.പിയെ വധിക്കാനുള്ള ഗൂഢാലോചന നടന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കിര്‍മാണി മനോജിനെ കൊലപാതക ദൗത്യം ഏല്‍പ്പിച്ചത് തലശ്ശേരി ഏരിയ കമ്മിറ്റിയംഗം പി.പി രാമകൃഷ്ണനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സി.പി.ഐ.എം ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണന്‍ രണ്ടാം പ്രതിയും കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്‍ മൂന്നാം പ്രതിയുമാണ്. സിജിത്ത്, ജന്‍മിന്റവിട ബിജു, പോണ്ടി ഷാജി, ടി.കെ രജീഷ്, കിര്‍മാണി മനോജ്, സന്തോഷ്, അഭിനേഷ്, പി.പി രാമകൃഷ്ണന്‍, അജേഷ്, ചെട്ടി ഷാജി, അനീഷ്, മനോരാജ് എന്നിവരാണ് മറ്റ് പ്രതികള്‍.

വധശ്രമം, പ്രേരണ, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്‍.എം.പിയെ ഇല്ലാതാക്കുകയായിരുന്നു ടി.പി വധത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ടി.പിയെ വധിക്കാന്‍ വാള്‍ നല്‍കിയത് രാമകൃഷ്ണനാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ടി.പിയെ വധിക്കുന്നതിനായി ഒരു ക്രിമിനല്‍ സംഘത്തെ കണ്ണൂര്‍ ജില്ലയില്‍ നിയോഗിച്ചു. എന്നാല്‍ സാഹചര്യം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് കൊലപാതകം നടക്കാതിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

2009 ആഗസ്റ്റില്‍ ഗൂഡാലോചനയും തുടര്‍ന്ന് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഒരു ഡസനോളം പ്രാവശ്യം വധശ്രമവും നടന്നുവെന്നാണ് കേസ്. ചോമ്പാല പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊലയാളി സംഘത്തിന് സഞ്ചരിക്കാന്‍ ജീപ്പ് ഏര്‍പ്പാടാക്കിയ കണ്ണൂര്‍ കൂത്തുപറമ്പ് പഴയനിരത്ത് പി.എം. മനോരാജ് മാത്രമാണ് പിടിയിലാവാന്‍ ബാക്കിയുള്ളത്. ജീപ്പ് കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജീപ്പ് ഉടമയും ഡ്രൈവറുമായ തലശ്ശേരി ആയിത്തറ ജെ.എസ്. നിവാസില്‍ സന്തോഷും (32) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സി.പി.ഐ.എം നേതാക്കള്‍ ഉള്‍പ്പെടെ 76 പേരാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍.

We use cookies to give you the best possible experience. Learn more