തിരുവനന്തപുരം: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ പ്രതിചേര്‍ത്തില്ല. സലിം രാജിനെ പ്രതി ചേര്‍ക്കാതെയുള്ള കുറ്റപത്രം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. ആറ് പ്രതികളാണ് കേസിലുള്ളത്.
എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. റവന്യു ഉദ്യോഗസ്ഥരെയും സലിംരാജിന്റെ ബന്ധുക്കളെയുമാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സലീംരാജിന്റെ ബന്ധുക്കളായ അബ്ദുള്‍ മജീദ്, അബ്ദുള്‍ സലാം റവന്യു ഉദ്യോഗസ്ഥരായ സാബു, മൊറാദ്, എറണാകുളം കളക്‌ട്രേറ്റിലെ യു.ഡി ക്ലാര്‍ക്ക് ഗീവര്‍ഗീസ്, അഡീഷണല്‍ തഹസില്‍ദാര്‍ കൃഷ്ണകുമാരി എന്നിവരാണ് കേസിലെ പ്രതികള്‍.
ഈ കേസിലെ എഫ്.ഐ.ആറിലും സലിം രാജ് പ്രതിയായിരുന്നില്ല. സലിംരാജിനെ പ്രതി ചേര്‍ക്കാന്‍ ആവശ്യമായ തെളിവ് ലഭിക്കാത്തതിനാലാണ് സി.ബി.ഐ അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.