ന്യൂദല്‍ഹി: 2002 ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട കേസില്‍ ടീസ്ത സെതല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രപ്രകാരം 90 സാക്ഷികളാണുള്ളത്. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഗുജറാത്ത് കലാപത്തിന്റെ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധശിക്ഷയ്ക്ക് വിധിക്കണമെന്നും ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണമെന്നും സംബന്ധിച്ച് ടീസ്ത ഗൂഢാലോചന നടത്തിയതായാണ് റിപ്പോര്‍ട്ട്. 100 പേജോളമുള്ള ചാര്‍ജ് ഷീറ്റാണ് സമര്‍പ്പിച്ചിരിക്കുന്നത്.
അഹമ്മദാബാദ് കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ ടീസ്ത സെതല്‍വാദിന് വേണ്ടി വ്യാജ രേഖകള്‍ ചമച്ചുവെന്നതാണ് ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
മോദിയുടെ രാഷ്ട്രീയ ഭാവി തകര്‍ക്കുകയും അദ്ദേഹത്തിന്റെ മുഖമുദ്രക്ക് കോട്ടം വരുത്തുകയുമായിരുന്നു ടീസ്തയുടെ ഉദ്ദേശമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിന് വേണ്ടി അഭിഭാഷകരെ വാടകയ്‌ക്കെടുത്തതായും പ്രത്യേക അന്വേഷണ സംഘം പറയുന്നു.
കലാപത്തിലെ ഇരകളില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഒപ്പുകള്‍ ശേഖരിക്കുകയായിരുന്നുവെന്നും എസ്.ഐ.ടി ആരോപിക്കുന്നുണ്ട്. ദൃക്‌സാക്ഷികളോട് തന്നെ പിന്തുണക്കണമെന്ന് പറഞ്ഞ് ടീസ്ത ഭീഷണിപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആര്‍.ബി. ശ്രീകുമാറും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും എസ്.ഐ.ടി ആരോപിക്കുന്നുണ്ട്.
ടീസ്തയെ പിന്തുണച്ചില്ലെങ്കില്‍ മുസ്‌ലിങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിയുമെന്നായിരുന്നു ശ്രീകുമാര്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഇരകളെ കൂട്ടിച്ചെന്ന് പലയിടങ്ങളില്‍ നിന്നായി ധനസംഭാവന വാങ്ങിയതായും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.
ഇതിനുപുറമെ ടീസ്ത ഏതാനു കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ഇരകള്‍ക്കായി സ്ഥാപിച്ച പ്രത്യേക കേന്ദ്രത്തിലെത്തുകയും ഇവരെ തെറ്റിദ്ധരിപ്പികുകയും ചെയ്തിരുന്നു. ഇരകളോട് ഗുജറാത്തില്‍ നിന്ന് അവര്‍ക്ക് നീതി ലഭിക്കില്ലെന്നും സംസ്ഥാനത്തിന് പുറത്തുള്ള കോടതികളില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
Content Highlight: Chargesheet against Teesta Setalvad and RB Sreekumar submitted before Ahmedabad Court by Special Investigation Team