| Friday, 1st October 2021, 9:40 pm

സിദ്ദീഖ് കാപ്പനെതിരായ കുറ്റപത്രം; യു.പി പൊലീസിന്റെ നടപടി പത്രപ്രവര്‍ത്തനത്തെ ഒരു കുറ്റകൃത്യമായി കാണുന്നത്; പ്രതിഷേധവുമായി കെ.യു.ഡബ്ലു.ജെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിദ്ദീഖ് കാപ്പനെതിരായ കുറ്റപത്രത്തില്‍ അദ്ദേഹം ചെയ്ത റിപ്പോര്‍ട്ടുകളും ലേഖനങ്ങളും ഉള്‍പ്പെടുത്തിയതിനെതിരെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ.

യു.പി പൊലീസിന്റെ നടപടി പത്രപ്രവര്‍ത്തനത്തെ ഒരു കുറ്റകൃത്യമായി കാണുന്നതല്ലാതെ മറ്റൊന്നുമല്ലെന്നും കെ.യു.ഡബ്ല്യൂ.ജെ പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആത്മാവിന് വിരുദ്ധമാണിതെന്നും കെ.യു.ഡബ്ല്യൂ.ജെ പറഞ്ഞു.

വിഷയത്തില്‍ ഇടപെടാനും യു.പി പൊലീസിന്റെ ലജ്ജാകരമായ പ്രവൃത്തി റദ്ദാക്കാനും സുപ്രീം കോടതിയോട് അപേക്ഷിക്കുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.

യു.പിയിലെ പൊലീസ് വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും എതിരാണ്. സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ജയിലില്‍ തുടരുകയാണെന്നും കെ.യു.ഡബ്ല്യൂ.ജെ ചൂണ്ടിക്കാട്ടി.

ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റുകളുടെ സംഘടന എന്ന നിലയില്‍, കാപ്പനെതിരെ യു.പി പൊലീസ് ചുമത്തിയ തെറ്റായ ആരോപണങ്ങള്‍ക്കെതിരായ പോരാട്ടത്തിനുള്ള പിന്തുണ നല്‍കുമെന്നും കെ.യു.ഡബ്ല്യു.ജെ വ്യക്തമാക്കി.

കാപ്പന്‍ ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകനെപ്പോലെയല്ല പെരുമാറിയതെന്നാണ് യു.പി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

‘സിദ്ദീഖ് കാപ്പന്‍ പല ലേഖനങ്ങളും മുസ്‌ലിം വികാരത്തെ പ്രകോപിപ്പിക്കുന്നതാണ്. കമ്യൂണിസ്റ്റ്- മാവോയിസ്റ്റ് അനുകൂല ലേഖനങ്ങളും കാപ്പന്റേതായി പുറത്തുവന്നിട്ടുണ്ട്,’ കുറ്റപത്രത്തില്‍ പറയുന്നു.

കാപ്പനെതിരെ 5000 പേജ് വരുന്ന കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കാപ്പന്‍ മലയാളത്തില്‍ എഴുതിയ 36 ലേഖനങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ്, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം, ദല്‍ഹി കലാപം, അയോധ്യയിലെ രാമക്ഷേത്രം എന്നിവയെ സംബന്ധിച്ച ലേഖനങ്ങളുടെ വിശദാംശങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ കാര്യവും പരാമര്‍ശിച്ചിട്ടുണ്ട്. മലയാള മാധ്യമങ്ങളില്‍ ഹിന്ദുവിരുദ്ധ ലേഖനങ്ങള്‍ സിദ്ദീഖ് കാപ്പന്‍ എഴുതിയിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നും കുറ്റപത്രത്തിലുണ്ട്.

ഹാത്രാസില്‍ ഭരണകൂടത്തിനെതിരെ ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ കാപ്പനും അറസ്റ്റിലായ റഹ്മാനും ശ്രമിച്ചുവെന്ന് രണ്ട് ദൃക്സാക്ഷികള്‍ സമ്മതിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം പൊലീസ് വാദങ്ങളെയെല്ലാം കാപ്പന്‍ അഭിഭാഷകന്‍ തള്ളി. ഹാത്രാസ് സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് കാപ്പന്‍ അറസ്റ്റിലായതെന്നും ഹാത്രാസിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Chargesheet against Siddique Kappan; UP police action sees journalism as a crime; KUWJ 
We use cookies to give you the best possible experience. Learn more