ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐ.എ.എസ് പദവി രാജിവെച്ച കണ്ണന്‍ ഗോപിനാഥനെതിരെ ആഭ്യന്തരമന്ത്രാലയത്തിന്റെ കുറ്റപത്രം.
ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ധിക്കാരപരമായ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും അനുസരണക്കേട് പ്രകടിപ്പിക്കുകയും ചെയ്‌തെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കൃത്യസമയത്ത് ഫയല്‍ ഹാജരാക്കിയില്ല, ഭൂഗര്‍ഭ കേബിള്‍ പദ്ധതി കൃത്യസമയത്ത് പൂര്‍ത്തിയാക്കിയില്ല, കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല, പ്രധാനമന്ത്രിയുടെ എക്‌സലന്‍സ് പുരസ്‌ക്കാരത്തിന് അപേക്ഷിച്ചില്ല, ഫയല്‍ നേരിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സമര്‍പ്പിക്കുന്നു എന്നീ കുറ്റങ്ങളാണ് തനിക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് കണ്ണന്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘എനിക്കറിയാം ആഭ്യന്തര മന്ത്രിയുടെ മൂക്കിനു താഴെ നടക്കുന്ന പൊലീസുകാരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തന്നെ മന്ത്രിക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല എന്ന്. അതുകൊണ്ട് തന്നെ ഈ ദുര്‍ബല സമയത്ത് ആഭ്യന്തര മന്ത്രി അമിത് ഷായെ ഞാന്‍ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കുറ്റപത്രത്തിന്റെ രസീത് സ്വീകരിക്കുന്നു’- കണ്ണന്‍ ഗോപിനാഥ് ട്വീറ്റ് ചെയ്തു.
പദവിയില്‍ നിന്നും രാജിവെച്ച് രണ്ടു മാസത്തിനു ശേഷം തനിക്കെതിരെ വകുപ്പുതല അന്വേഷണത്തിനു ഉത്തരവിട്ടത്തിന്റെ മെമ്മോയും കണ്ണന്‍ ട്വിട്ടറില്‍ പങ്കുവെച്ചു.
‘ഞാന്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തരുതെന്നാണ് മെമ്മോയില്‍ മുന്നറിയിപ്പു നല്‍കുന്നത്. ആര്‍ക്കാണ് അമിത് ഷായെ രാഷ്ട്രീയമായി സ്വാധീനിക്കാന്‍ ശേഷിയുള്ളത്. ആഭ്യന്തരമന്ത്രാലയത്തിനല്ലാതെ. ഇനി എനിക്ക് അദ്ദേഹത്തെ സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ പറയും, സാര്‍, ദയവായി കശ്മീരിലെ മൗലികാവകാശങ്ങള്‍ പുനസ്ഥാപിക്കണം എന്ന്.’- കണ്ണന്‍ പറയുന്നു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാണിച്ച് ഓഗസ്റ്റ് 21-നാണ് കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.
കേന്ദ്ര ഭരണപ്രദേശം ഉള്‍പ്പെടുന്ന കേഡര്‍ (എ.ജി.എം.യു) 2012 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനും ദാദര്‍ ആന്റ് നാഗര്‍ ഹവേലി അഡ്മിനിസ്‌ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍.
‘കശ്മീരില്‍ മനുഷ്യരുടെ മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്തിട്ട് 20 ദിവസമായി. രാജ്യത്ത് കഴിയുന്ന പലര്‍ക്കും അതിലൊരു കുഴപ്പവുമില്ല. 2019ല്‍ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 ഓ അതിന്റെ റദ്ദാക്കലോ അല്ല വിഷയം. പക്ഷെ അതിനോട് പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ചതാണ് പ്രധാന പ്രശ്‌നം. കശ്മീരികള്‍ക്ക് നീക്കത്തെ സ്വാഗതം ചെയ്യുകയോ പ്രതിഷേധിക്കുകയോ ചെയ്യാം അതവരുടെ അവകാശമാണ്’
‘ഒരു മുന്‍ ഐ.എ.എസ് ഓഫീസറെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചപ്പോള്‍ പോലും പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല’ ഷാ ഫൈസലിന്റെ അറസ്റ്റിനെ സൂചിപ്പിച്ച് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞിരുന്നു.