ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ദല്‍ഹി കോടതി കേസെടുത്തു. 2014ല്‍ ദല്‍ഹിയിലെ റെയില്‍ ഭവന്‍ ചൗക്കില്‍ ആം ആദ്മി നടത്തിയ പ്രക്ഷോഭം സംബന്ധിച്ചാണ് കോടതി കേസെടുത്തിരിക്കുന്നത്.
ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പാര്‍ട്ടിയുടെ പ്രധാന നേതാക്കളായ രാഖി ബിര്‍ള, സോംനാഥ് ഭാരതി എന്നിവര്‍ക്കെതിരെയാണ് കേസ്. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
നേതാക്കള്‍ക്കെതിരെ നിയമവിരുദ്ധമായ സംഘം ചേരല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലിക്ക് തടസം നില്‍ക്കുക, ഉദ്യോഗസ്ഥനെ കായികമായി ആക്രമിക്കുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.
അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 2014ല്‍ റെയില്‍ ഭവന്‍ ചൗക്കിന് മുന്നില്‍ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി സമരം നടത്തിയത്.
അതേസമയം, 2015ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗൃഹനാഥനെ ആക്രമിച്ച കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംദത്തിന് ആറ് മാസം തടവും രണ്ട് ലക്ഷം രൂപ പിഴയും അഡിഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റി വിധിച്ചിരുന്നു.
കോണ്ഡ്ലി മണ്ഡലത്തിലെ മനോജ് കുമാര്‍ എം.എല്‍.എയെ കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തിലെ നടപടികള്‍ തടസപ്പെടുത്തിയതിനായിരുന്നു ശിക്ഷ.