ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ സുരേഷ് കല്‍മാഡി ഉള്‍പ്പെടെ പത്ത് പ്രതികള്‍ക്കെതിരെ സി.ബി.ഐ കോടതി കുറ്റം ചുമത്തി. ഗെയിംസ് നടത്തിപ്പില്‍ ടൈം മെഷീന്‍ സ്ഥാപിക്കാനുള്ള കരാര്‍ സ്വിസ് കമ്പനിക്ക് നിയമവിരുദ്ധമായി നല്‍കിയ കേസിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.[]
കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ചെയര്‍മാനായിരുന്നു സുരേഷ് കല്‍മാഡി. സ്വിസ് കമ്പനിയായ സ്വിസ് ടൈമിങ്ങിന് വഴിവിട്ട് കരാര്‍ നല്‍കിയതിലൂടെ 90 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിനുണ്ടായത്.
കുറ്റകരമായ വഞ്ചന, ഗൂഡാലോചന, തെളിവു നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട് അടക്കം പത്തു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
കേസിലെ മുഴുവന്‍ പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘാടക സമിതിയില്‍ നിന്നും സുരേഷ് കല്‍മാഡിയെ പുറത്താക്കിയിരുന്നു.
കേസിന്റെ വിചാരണ ഫിബ്രവരി 20 ന് തുടങ്ങും. ഗെയിംസ് സംഘാടക സമിതി സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ടും കേസില്‍ പ്രതിയാണ്.
ഗെയിംസില്‍ നിരവധി അഴിമതി നടത്തിയതില്‍ ഒന്ന് മാത്രമാണിത്. നിരവധി കേസുകളില്‍ കല്‍മാഡിയടക്കം നിരവധിപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്.