| Monday, 25th April 2016, 11:28 pm

മലെഗാവ് സ്‌ഫോടനം; സി.ബി.ഐ കുറ്റക്കാരെന്നു കണ്ടെത്തിയ 9 പ്രതികളേയും കുറ്റവിമുക്തരാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 2006 ലെ മലെഗാവ് സ്‌ഫോടനക്കേസില്‍ പിടിയിലായ ഒന്‍പതുപേരെ മുംബൈ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ഭീകരവിരുദ്ധ സ്‌ക്വാഡും സി.ബി.ഐയും കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്ക് കേസുമായി ബന്ധമില്ലെന്ന, ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ കോടതി ശരിവച്ചു. അഞ്ചുവര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷമാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.

2006 സെപ്റ്റംബര്‍ എട്ടിന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലെഗാവില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ് മുംബൈ പ്രത്യേക മകോക കോടതിയുടെ വിധി. ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്ത ഒന്‍പതു പേര്‌ക്കെതിരെ തെളിവില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ വ്യക്തമാക്കി. പാക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ സഹായത്തോടെ നിരോധിത സംഘടന സിമിയാണ് സ്‌ഫോടനം നടത്തിയതെന്ന് കേസ് ആദ്യം അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുക്കുകയും ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തലുകളെ ശരിവയ്ക്കുകയും ചെയ്തു. 2011 ലാണ് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തത്.

2007ലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പ്രതി സ്വാമി അസീമാനന്ദിന്റെ കുറ്റസമ്മതത്തില്‍ 2006ലേയും 2008 ലേയും മലെഗാവ് സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദു വലതുപക്ഷ സംഘടനയായ അഭിനവ് ഭാരതാണെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് അന്വേഷണം ആ വഴിക്കു നീങ്ങിയത്. ഭീകരവിരുദ്ധ സ്‌ക്വാഡിന്റേയും സി.ബി.ഐയുടേയും അന്വേഷണറിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അറസ്റ്റിലായ ഒന്‍പത് പേര്‍ കേസില്‍ ഉള്‍െപ്പട്ടിട്ടില്ലെന്നും 2014 ല്‍ എന്‍.ഐ.എ കോടതിയെ അറിയിച്ചു.
ഒന്‍പതുപേരില്‍ ഒരാള്‍ വിചാരണക്കാലയളവില്‍ മരിച്ചിരുന്നു. രണ്ടുപേര്‍ 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്. 2006 ല്‍ മലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും 120 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more