[share]
[]ന്യൂയോര്‍ക്ക്: വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെ കുറ്റക്കാരിയല്ലെന്ന് അമേരിക്കന്‍ കോടതി.
നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിക്കെതിരെ കുറ്റം ചുമത്താനാകില്ലെന്നും കേസ് പരിഗണിക്കുന്ന മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതി പറഞ്ഞു.
വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ന്യൂയോര്‍ക്കില്‍ വച്ച് ഡിംസബര്‍ 12-ന് ദേവയാനി ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്തത്. പിന്നീട് 250,000 ഡോളര്‍ പിഴയടച്ചാണ് ഇവര്‍ പുറത്തിറങ്ങിയത്.
പിന്നീട് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേവയാനിയുടെ അഭിഭാഷകന്‍ അമേരിക്കന്‍ കോടതിയെ സമീപിക്കുകയും ദേവയാനിക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്നും പൂര്‍ണ നയതന്ത്ര പരിരക്ഷയുണ്ടെന്നും കോടതിയില്‍ എഴുതി നല്‍കുകയും ചെയ്തു.
നയതന്ത്ര പ്രതിനിധിയെ വിചാരണയ്ക്ക് വിധേയമാക്കുന്നത് വിയന്ന കരാറിന്റെ ലംഘനമാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ദേവയാനി മുന്‍ നയതന്ത്രജ്ഞയാണെന്നും നിലവില്‍ നയതന്ത്രപരിരക്ഷയില്ലെന്നുമായിരുന്നു യുഎസ് അറ്റോര്‍ണിയുടെ നിലപാട്.
ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിക്കുകയും ക്രിമിനലുകളോടൊപ്പം പാര്‍പ്പിക്കുകയും ചെയ്തത് ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. തുടര്‍ന്ന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ദേവയാനിയെ യുഎന്‍ ദൗത്യസംഘത്തിലേക്ക് മാറ്റി.
നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. നയതന്ത്ര പരിരക്ഷ ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറാകാത്തതിനെ തുടര്‍ന്ന് ദേവയാനിയോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ മാസം 14-നാണ് ദേവയാനി ഇന്ത്യയില്‍ തിരിച്ചെത്തിയത്.