കോഴിക്കോട്: ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കം യതീംഖാനക്കെതിരെ കേസെടുക്കുമെന്ന് ഝാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച്. കുട്ടിക്കളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്നും മാനേജ്‌മെന്റിന്റെ അറിവോടെയാണ് സംഭവം നടന്നതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഝാര്‍ഖണ്ഡിലെ ഗോണ്ട ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണത്തിനായി കേരളത്തിലെത്തിയത്.
സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് പര്‍വേസ് ആലത്ത്, ഷക്കീല്‍ അക്തര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും അനന്തരനടപടികള്‍ ഉണ്ടാവുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കേസ് കേരളത്തില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘവും അന്വേഷിക്കുന്നുണ്ട്. ഝാര്‍ഖണ്ഡില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും നേരത്തെ കേസെടുത്തിരുന്നു.
446 കുട്ടികളെ കഴിഞ്ഞ മെയ് 24നാണ് പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പട്‌ന-എറണാകുളം ട്രെയിനില്‍ വെച്ച് പോലീസ് കണ്ടെത്തിയത്.