| Monday, 13th August 2012, 11:27 am

ടി.പി വധം: 76 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു, എം.സി അനൂപ് ഒന്നാം പ്രതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റപത്രം വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. 76 പ്രതികളുള്ള കുറ്റപത്രത്തില്‍ കൊലപാതക സംഘത്തിലെ എം.സി അനൂപാണ് ഒന്നാംപ്രതി. []

ടി.പിയെ കൊല്ലാനായി അക്രമി സംഘം ഉപയോഗിച്ച ഇന്നോവ കാറിന്റെ ഡ്രൈവറായിരുന്നു എം.സി അനൂപ്. കൊലയാളി സംഘത്തിലെ കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. എന്ന ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, സിജിത്ത്, കെ. ഷിനോജ് എന്നിവരാണ് രണ്ടു മുതല്‍ ഏഴു വരെ പ്രതികള്‍.

എട്ടാം പ്രതി കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രനും ഒന്‍പതാം പ്രതി ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകനും പത്താം പ്രതി ഒഞ്ചിയം ഏരിയാ അംഗം കെ.കെ. കൃഷ്ണനുമാണ്. പ്രതിപ്പട്ടികയില്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ പത്താമനും കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്‍ പതിനാലാമനും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍ ഇരുപത്തിയാറാമനുമാണ്. പ്രതികളെ ഒളിപ്പിച്ചതിനും രക്ഷപ്പെടാന്‍ സഹായിച്ചതിനും സി.പി.ഐ.എം സംസ്ഥാന സമിതി അംഗം കെ.കെ. രാഗേഷ് ഉള്‍പ്പെടെ ഒട്ടേറെ സി.പി.ഐ.എം നേതാക്കളെ പ്രതി ചേര്‍ത്തിട്ടുണ്ട്.

കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് മെയ് രണ്ടിനാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയിലാണ് ഗൂഢാലോചന നടന്നത്. കെ.സി രാമചന്ദ്രന്‍, കെ.കെ കൃഷ്ണന്‍, സി.എച്ച് അശോകന്‍, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു. കെ.കെ കൃഷ്ണനെയും പതിനൊന്നാം പ്രതി മനോജിനെയുമാണ് കൊലപാതകത്തിന്റെ ചുമതല ഏല്‍പ്പിച്ചത്. നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കാന്‍ കുഞ്ഞനന്തന്‍ കെ.സി രാമചന്ദ്രന്റെ ഫോണില്‍ പി.മോഹനനെ വിളിച്ചു. ഫോണ്‍വിളി 53 സെക്കന്റ് നീണ്ടുനിന്നു. കൊലപാതകം ഉറപ്പിക്കാന്‍ കെ.സി രാമചന്ദ്രന്‍ മനോജിന് 10,000 രൂപ ഏപ്രില്‍ 24ന് മുന്‍കൂറായി നല്‍കിയിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വ്യാജരേഖയുണ്ടാക്കി സിംകാര്‍ഡ് സംഘടിപ്പിച്ച കേസിലെ പ്രതികളെയും കൊലപാതകക്കേസിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വധശ്രമം വേറെ കേസായി രജിസ്റ്റര്‍ ചെയ്തതുകൊണ്ട് അതുമാത്രം വേറെ കുറ്റപത്രമായി പിന്നീട് കോടതിയില്‍ നല്‍കും. പ്രതികളുമായി നടത്തിയ ഫോണ്‍ കോളിന്റെ വിവരങ്ങളാണ് ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കെതിരെ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കുന്ന പ്രധാന ശാസ്ത്രീയ തെളിവ്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി കെ.വി. സന്തോഷാണ് വടകര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സംഘാംഗങ്ങളായ എ.പി. ഷൗക്കത്തലി, എം.ജെ. സോജന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെ കോടതിയിലെത്തിയ അന്വേഷണസംഘം 11 മണിയോടെയാണ് കുറ്റപത്രം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ചത്.

കേസിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ഉള്‍പ്പെടുത്തി ഒറ്റ കുറ്റപത്രം സമര്‍പ്പിക്കണമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് 76 പ്രതികള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ 285 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 400ലധികം തെളിവുകളാണ് കുറ്റപത്രത്തിനൊപ്പമുള്ളത്.

ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എമ്മിലെ ചില ഉന്നത നേതാക്കള്‍ക്ക് പങ്കുള്ളതായി പ്രതികളില്‍ നിന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. അതിനാല്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. തുടരന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more