| Thursday, 18th November 2021, 4:28 pm

കരിയില കൂനയില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞ് മരിച്ച സംഭവം; അമ്മയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. അമ്മ കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ രേഷ്മ (22) മാത്രം പ്രതിയായ കേസില്‍ പരവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 55 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

ഭര്‍ത്താവ് വിഷ്ണു ഉള്‍പ്പെടെ 54 സാക്ഷികളുള്ള കേസില്‍ കൊലപാതകം, നവജാതശിശുവിനെ ഉപേക്ഷിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് രേഷ്മക്കെതിരെ ചുമത്തിയത്. വിചാരണ കൊല്ലം സെഷന്‍സ് കോടതിയില്‍ നടക്കും.

പാരിപ്പള്ളി ഇന്‍സ്പെക്ടര്‍മാരായ രൂപേഷ് രാജ്, ടി.എസ്.സതികുമാര്‍ എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്. ഇന്‍സ്പെക്ടര്‍ അല്‍ ജബ്ബാര്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കും. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ രേഷ്മ ജാമ്യത്തിലിറങ്ങിയിരുന്നു. അനന്തു എന്ന് പേരുള്ള അക്കൗണ്ടിലേക്ക് രേഷ്മ നടത്തിയ ഫേസ്ബുക്ക് ചാറ്റുകളുടെ ഇന്റര്‍നെറ്റ് പ്രൊട്ടോകോള്‍ ഡീറ്റയില്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ഇതു കേസിനെ ബാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ ജൂണ്‍ 22-നാണ് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഡി.എന്‍.എ. പരിശോധനയിലൂടെയാണ് കുഞ്ഞിന്റെ അമ്മ രേഷ്മയാണെന്ന് കണ്ടെത്തിയത്.

ഫേസ്ബുക്ക് കാമുകനായ അനന്തുവിനൊപ്പം ജീവിക്കാനായാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ മൊഴി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അനന്തു എന്ന കാമുകനായി നടിച്ച് രേഷ്മയുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്നത് ഭര്‍ത്താവിന്റെ സഹോദര ഭാര്യയായ ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ആണെന്ന് മനസിലായി. പൊലീസ് ചോദ്യം ചെയ്യലിനെ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.

ജനുവരി 5നാണ് ചോരക്കുഞ്ഞിനെ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. സാഹചര്യത്തെളിവുകള്‍ ഒന്നും ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ അന്വേഷണത്തിലാണ് രേഷ്മ അറസ്റ്റിലാകുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more