നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു
Daily News
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു
എഡിറ്റര്‍
Tuesday, 5th December 2017, 12:11 pm

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. സാങ്കേതിക പിഴവുകള്‍ തിരുത്തിയതിന് ശേഷമാണ് അങ്കമാലി കോടതി കുറ്റപത്രം സ്വീകരിച്ചത്.

ഈ കേസില്‍ മറ്റുപ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഹാജാരാക്കിയ സന്ദര്‍ഭത്തില്‍ അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് കുറ്റപത്രം സ്വീകരിച്ചത്.

ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ഉടന്‍ സമന്‍സ് അയക്കും. പ്രതികളെ വിളിച്ച് വരുത്തിയതിന് ശേഷമായിരിക്കും വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കുറ്റപത്രം കൈമാറുക. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് കേസിന്റെ വിചാരണ ഏത് കോടതിയില്‍ നടത്തണമെന്ന അന്തിമതീരുമാനം എടുക്കുക.


Dont Miss കഴിഞ്ഞ 20 വര്‍ഷമായി അയോധ്യയിലെ രാമക്ഷേത്രം സംരക്ഷിക്കുന്നത് ഈ മൂന്ന് മുസ്‌ലീങ്ങള്‍


ദിലീപ് അടക്കം പന്ത്രണ്ട് പ്രതികള്‍ക്കെതിരെയാണ് പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. നേരത്ത ഏഴ് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരുന്നു.

450 ഓളം രേഖകളും 355 സാക്ഷികളുമാണ് കേസിലുള്ളത്. ചലച്ചിത്ര മേഖലയില്‍ നിന്ന് മാത്രം 55 സാക്ഷികളുണ്ട്. മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാണ്.

ഏഴു പേരെ പ്രതികളാക്കി ആക്രമണക്കേസില്‍ നേരത്തേ കുറ്റപത്രം നല്‍കിയതിനാല്‍ അനുബന്ധമായാണ് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ചു നല്‍കിയ മേസ്തിരി സുനില്‍, പള്‍സര്‍ സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ച വിഷ്ണു, തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതായി കണ്ടെത്തിയ അഡ്വ.പ്രതീഷ് ചാക്കോ, സഹായി അഡ്വ.രാജു ജോസഫ് എന്നിവരാണ് 9 മുതല്‍ 12 വരെയുള്ള പ്രതികള്‍. പുതിയ കുറ്റപത്രത്തിലാണ് ഇവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തത്.

സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ ലാലും എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ അനീഷും മാപ്പുസാക്ഷികളാകും. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ജൂലൈ പത്തിനാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.