| Saturday, 26th September 2020, 9:30 am

തരൂരിന്റെ പുസ്തകം വായിച്ച് ഹിന്ദു-മുസ്‌ലിം വിവേചനമുണ്ടാക്കാന്‍ ശ്രമിച്ചു, ഷര്‍ജീല്‍ ഇമാമിനെതിരായ കുറ്റപത്രത്തില്‍ ദല്‍ഹി പൊലീസ് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇവയൊക്കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരെ പ്രസംഗിച്ച ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെയുള്ള പ്രധാന കുറ്റകൃത്യങ്ങളായി ദല്‍ഹി പൊലീസ് ബോധിപ്പിച്ചത് ശശി തരൂരിന്റെ പുസ്തകം വായിച്ചതും എം.ഫില്‍ തിസീസും.

വിഭജനത്തിന് മുമ്പത്തെ പലായനം; ബീഹാറില്‍ മുസ്‌ലിങ്ങള്‍ക്ക് നേരേയുള്ള 1946 ലെ ആക്രമണം എന്ന എം.ഫില്‍ തിസീസാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ നടന്ന വിവിധ സംഘടിത ആക്രമണങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്.

ശശി തരൂരിന്റെ ‘ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല’ എന്ന പുസ്തകം വായിച്ച ഷര്‍ജീല്‍ ഹിന്ദു-മുസ്‌ലിം വിവേചനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

ദല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ഷര്‍ജീലിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 600 പേജുള്ള കുറ്റപത്രത്തില്‍ പൗരത്വ സമരത്തില്‍ റോഡ് സ്തംഭിപ്പിക്കാന്‍ പറഞ്ഞതിന് പുറമേ ജെ.എന്‍.യു മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കിടയില്‍ നടന്ന വാട്‌സ് ആപ്പ് ചര്‍ച്ചകളിലും ഷര്‍ജീലീന് പങ്കുണ്ടെന്നാണ് ആരോപണം. രാജ്യത്തെ ഭരണഘടനയില്‍ വിശ്വാസമില്ലാത്ത മതഭ്രാന്തനാണ് ഷര്‍ജീല്‍ ഇമാം എന്നാണ് പൊലീസിന്റെ മറ്റൊരു ആരോപണം.

പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭ നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ ജനുവരി 28 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബീഹാറില്‍ നിന്നാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ദല്‍ഹിയിലെ ഷഹീന്‍ ബാഗ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഷര്‍ജീല്‍ ഇമാം.

രാജ്യദ്രോഹകുറ്റത്തിനാണ് ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷര്‍ജീല്‍ നടത്തിയ പ്രസ്താവനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നിരവധി സംസ്ഥാനങ്ങളില്‍ കേസെടുത്തിരുന്നു.

ജനുവരി 16 ന് അലിഗണ്ഡ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് അസമിലും യു.പിയിലും ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്.

തൊട്ടുപിന്നാലെയാണ് അരുണാചല്‍പ്രദേശിലും മണിപ്പൂരിലും ദല്‍ഹിയിലും ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS:  sharjeel imam charge sheet delhi police

We use cookies to give you the best possible experience. Learn more