| Saturday, 4th May 2019, 4:08 pm

കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കന്യാസ്ത്രീയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ ജലന്ദര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്.

ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് അയക്കാനും കോടതി ഉത്തരവിട്ടു. പ്രാഥമിക പരിശോധനയില്‍ കുറ്റപത്രവും അനുബന്ധ രേഖകളും ശരിയാണന്ന കോടതി കണ്ടെത്തി.

വൈക്കം ഡി.വൈ.എസ്.പി പി.കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ബലാത്സംഗം ഉള്‍പ്പടെ അഞ്ച് വകുപ്പുകളാണ് ബിഷപ്പിനെതിരായി ചുമത്തിയിട്ടുള്ളത്. (ഐ പിസി 342, 376(2)(കെ) 376 (2) എന്‍ 376(സി) (എ) 377 506(1) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒമ്പത് മാസത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും നാല് ബിഷപ്പുമാരും ഉള്‍പ്പെടെ കേസില്‍ 83 സാക്ഷികളാണുള്ളത്. മൂന്ന് ബിഷപ്പുമാരുടെയും 11 വൈദികരുടെയും 25 കന്യാസ്ത്രീകളുടെയും മൊഴികളും കുറ്റപത്രത്തിലുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. ഇയാള്‍ ഇപ്പോള്‍ ജലന്ധറിലാണുള്ളത്.

ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ കന്യാസ്ത്രീകള്‍ രംഗത്ത് വന്നിരുന്നു.

DoolNews

We use cookies to give you the best possible experience. Learn more