|

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തോല്‍വി, ഇപ്പോള്‍ എം.പിയായി ജയം; ജലന്ധറില്‍ വെന്നിക്കൊടി പാറിച്ച് ചന്നി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: പഞ്ചാബിലെ ജലന്ധര്‍ മണ്ഡലത്തില്‍ വിജയം സ്വന്തമാക്കി മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. ഒന്നേമുക്കാല്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജലന്ധറില്‍ ചന്നി വിജയിച്ചുകയറിയത്.

ബി.ജെ.പിയുടെ സുശീല്‍ റിങ്കുവിനെ പരാജയപ്പെടുത്തിയാണ് ചന്നി വിജയം സ്വന്തമാക്കിയത്. ശക്തമായ ചതുഷ്‌കോണ മത്സരം നടന്ന മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

3,90,053 വോട്ടാണ് ചന്നി സ്വന്തമാക്കിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 2,14060 വോട്ട് മാത്രമാണ് നേടാന്‍ സാധിച്ചത്. മൂന്നാമതുള്ള ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പവന്‍ കുമാര്‍ ടിനു 2,08,889 വോട്ട് നേടിയപ്പോള്‍ 67,911 വോട്ട് മാത്രമാണ് ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥി മോഹീന്ദര്‍ സിങ് കയ്പീക്ക് നേടാന്‍ സാധിച്ചത്. നോട്ടക്ക് 4,743 വോട്ടും ലഭിച്ചു.

(ജലന്ധര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

2022ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ബദൗൂര്‍, ചംകൗര്‍ സാഹേബ് മണ്ഡലങ്ങളില്‍ പരാജയപ്പെട്ടിരുന്നു.

നിലവിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് വിജയിച്ച് രണ്ട് സീറ്റുകളില്‍ ഒന്നാണ് ജലന്ധര്‍. ഫത്തേഗര്‍ഹ് സാഹിബാണ് കോണ്‍ഗ്രസ് വിജയിച്ച മറ്റൊരു മണ്ഡലം. ആം ആദ്മി പാര്‍ട്ടിയുടെ ഗുര്‍പ്രീത് സിങ്ങിനെ 34,202 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അമര്‍ സിങ്ങാണ് പഞ്ചാബില്‍ കോണ്‍ഗ്രസിനായി വിജയം കൊയ്തത്.

നിലവില്‍ വിധി വന്ന സംഗ്രൂരില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഗുര്‍മീത് സിങ് മീത് ഹയര്‍ വിജയിച്ചു. 1,72,560 വോട്ടിനാണ് ഗുര്‍മീത് സിങ്ങിന്റെ വിജയം.

നിലവില്‍ കോണ്‍ഗ്രസ് അഞ്ച് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുമ്പോള്‍ ആം ആദ്മി രണ്ട് മണ്ഡലത്തിലും ശിരോമണി അകാലി ദള്‍ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും നിലവില്‍ ലീഡ് ചെയ്യുന്നുണ്ട്.

Content Highlight: Charanjit Singh Channi won in Jalandhar

Video Stories