| Friday, 10th November 2023, 10:43 pm

സംവരണത്തിനെതിരെ സമരം, ആദിവാസിയായ മേലുദ്യോഗസ്ഥനോട് പുച്ഛം; പൊലീസ് സേനയിലെ ജാതിക്കോമരങ്ങളെ കാണിച്ച വേല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്യാം ശശിയുടെ സംവിധാനത്തില്‍ ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് വേല. പൊലീസ് കണ്‍ട്രോള്‍ റൂം ചുറ്റിപറ്റി മുന്നേറുന്ന വേല ഒരു ക്രൈം ത്രില്ലറാണ്. കുറ്റകൃത്യത്തിനൊപ്പം തന്നെ പൊലീസ് സേനയിലെ സവര്‍ണ മനോഭാവങ്ങളും രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകളും മാഫിയ ബന്ധങ്ങളും ചിത്രം കാണിക്കുന്നുണ്ട്. വേലയില്‍ ഈ നെഗറ്റീവ് സൈഡിനൊപ്പെ നില്‍ക്കുന്ന വില്ലന്‍ കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.

സവര്‍ണ ജാതി ബോധവും അധികാരവും ഒന്നിച്ച് ചേര്‍ന്ന കോമ്പിനേഷനാണ് സണ്ണി വെയ്ന്‍ അവതരിപ്പിച്ച മല്ലികാര്‍ജുന്‍. സംവരണത്തിനെതിരെ കോളേജില്‍ പഠിക്കുമ്പോള്‍ സമരം ചെയ്ത, തന്റെ രാജകുടുംബത്തിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ അമര്‍ഷം കൊള്ളുന്ന ഒരു ജാതിക്കോമരമാണ് മല്ലികാര്‍ജുന്‍.

ജാര്‍ഖണ്ഡില്‍ നിന്നുമുള്ള ‘കാട്ടുജാതി’ക്കാരനായ മേലുദ്യോഗസ്ഥനെ സാര്‍ എന്ന് വിളിക്കുന്നതിലുള്ള രോഷം അയാള്‍ ഇടക്ക് തുറന്ന് കാട്ടുന്നുണ്ട്. അതിന്റെ ക്രൂരത ശരിക്കും അനുഭവിക്കുന്നത് അയാള്‍ക്കൊപ്പമുള്ള ദളിതനായ പൊലീസുകാരനാണ്. അയാള്‍ വരുന്ന സ്റ്റാലിന്‍ കോളനി എന്ന പേരിനോട് പോലും മല്ലികാര്‍ജുന് വെറുപ്പാണ്. കോളനിക്ക് മറ്റെന്തെങ്കിലും പേരിടണമെന്നാണ് മല്ലികയുടെ പക്ഷം.

ജാതിയില്‍ താഴ്ന്നവന്‍ എന്ന് അയാള്‍ വിചാരിക്കുന്ന കീഴുദ്യോഗസ്ഥന്‍ തന്റെ ചായയുടെ കാശ് കൊടുക്കുന്നതിന് പോലും മല്ലികയുടെ ജാതിയ ബോധം സമ്മതിക്കുന്നില്ല.

രൂപത്തിലും ഭാവത്തിലും മല്ലികാര്‍ജുനായി മികച്ച പ്രകടനമാണ് സണ്ണി വെയ്ന്‍ ചിത്രത്തില്‍ പുറത്തെടുത്തിരിക്കുന്നത്. അപ്പന് ശേഷം സണ്ണിയുടെ മികച്ച പ്രകടനം വേലയില്‍ കാണാനാവും.

Content Highlight: Charactr and performance of sunny wayne in vela movie

We use cookies to give you the best possible experience. Learn more